Breaking News

ഫിഫ 2022 ലോകകപ്പിനായി പാരീസില്‍ നിന്നും സൈക്കിളില്‍ പുറപ്പെട്ട രണ്ട് ആരാധകര്‍ തുര്‍ക്കിയിലെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ: നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫുട്ബോളിലെ ഏറ്റവും വലിയ ടൂര്‍ണമെന്റായ ഫിഫ 2022 ലോകകപ്പ് ഖത്തറിന് സാക്ഷ്യം വഹിക്കാന്‍ പാരീസില്‍ നിന്നും സൈക്കിളില്‍ പുറപ്പെട്ട രണ്ട് ആരാധകര്‍ തുര്‍ക്കിയിലെത്തി. ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി, സെര്‍ബിയ, ബള്‍ഗേറിയ എന്നിവ കടന്നാണ് ഇരുവരും തുര്‍ക്കിയിലെത്തിയത്. ഉടന്‍ തന്നെ ഇവര്‍ മിഡില്‍ ഈസ്റ്റിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.പത്ത് രാജ്യങ്ങളില്‍ സൈക്കിള്‍ ചവിട്ടി ഏകദേശം 8000 കിലോമീറ്ററുകള്‍ പിന്നിട്ടാണ് സാഹസികരായ ഈ യുവാക്കള്‍ ഖത്തറിലെത്തുക.


ഈ വര്‍ഷം ആഗസ്റ്റ് 20 നാണ് ഫ്രാന്‍സിലെ കെയ്‌നില്‍ നിന്നുള്ള മെഹ്ദിയും ബോര്‍ഡോയില്‍ നിന്നുള്ള ഗബ്രിയേലും, പാരീസില്‍ നിന്നും സാഹസികമായ യാത്ര പുറപ്പെട്ടത്. കൈയില്‍ പാനിയറുകളും രണ്ട് ടെന്റുകളും മാത്രമായി ഈ 26 കാര്‍ 8,000 കിലോമീറ്റര്‍ സൈക്കിളില്‍ ചവിട്ടാനുള്ള വെല്ലുവിളി ഏറ്റെടുത്തത് ലോകശ്രദ്ധ നേടിയിരുന്നു.

സൈക്കിളില്‍ സഞ്ചരിച്ച്, പത്ത് രാജ്യങ്ങള്‍ കടന്ന് ആതിഥേയരാജ്യത്തെത്താനും ഫ്രാന്‍സിന്റെ ഫുട്‌ബോള്‍ ടീമിനെ പിന്തുണയ്ക്കാനും ഒപ്പം രാജ്യത്ത് നടക്കുന്ന ലോകകപ്പ് ആഘോഷങ്ങളുടെ നേരിട്ടുള്ള അനുഭവം നേടാനുമാണ് രണ്ട് സുഹൃത്തുക്കളും വെല്ലുവിളി ഏറ്റെടുത്തത്.

ഒരു വര്‍ഷം മുമ്പ് ഇറ്റലിയില്‍ ഫ്രാന്‍സുമായുള്ള യുവേഫ നേഷന്‍സ് ലീഗിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. അവിടെ നിന്നാണ് സൈക്കിളില്‍ യാത്ര ചെയ്യാനും ലോകകപ്പില്‍ പങ്കെടുക്കാനും ഒരു സാഹസിക ആശയം പിറന്നത്. ഫുട്ബോളിനോടും സൈക്ലിങ്ങിനോടുമുള്ള അഭിനിവേശത്തില്‍ നിന്നാണ് ഈ യാത്രയെന്നും സുഹൃത്തുക്കള്‍ പങ്കുവെച്ചു.

ശ്രദ്ധേയമായ ലാന്‍ഡ്മാര്‍ക്കുകളില്‍ റൂട്ട് മാപ്പുകളും ഫോട്ടോഗ്രാഫുകളും പങ്കിടുന്ന ജോഡി, ഇന്‍സ്റ്റാഗ്രാമില്‍ മോണ്ടിയാലവെലോ വഴിയാണ് തങ്ങളുടെ യാത്ര വിശേഷങ്ങള്‍ ലോകവുമായി പങ്കുവെക്കുന്നത്.

Related Articles

Back to top button
error: Content is protected !!