ശൈഖ് യൂസുഫുല്‍ ഖറദാവി :വിജ്ഞാനത്തെ നവോത്ഥാനമാക്കി പരിവര്‍ത്തിപ്പിച്ച ദാര്‍ശനികന്‍
അമാനുല്ല വടക്കാങ്ങര
ദോഹ : പുതിയ നൂറ്റാണ്ടില്‍ ഇസ് ലാമിക നവോത്ഥാനത്തെ ദാര്‍ശനികമായും പ്രായോഗികമായും മുന്നോട്ട് നയിച്ച പണ്ഡിതനും ദാര്‍ശനികനുമായിരുന്നു ശൈഖ് അല്ലാമ യൂസുഫുല്‍ ഖറദാവി എന്ന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി – സി ഐ സി ഖത്തര്‍ കേന്ദ്ര സമിതി അനുശോചന കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
ഇസ് ലാമിക ദര്‍ശനത്തിന്റെ മധ്യമ നിലപാടിലൂന്നി ലോകത്തെമ്പാടുമുള്ള മുസ് ലിം സമൂഹത്തിന് സന്തുലിത ജീവിതം നയിക്കാനാവശ്യമായ പ്രായോഗിക പാഠങ്ങള്‍ പകര്‍ന്നു നല്‍കിയുള്ള ശൈഖിന്റെ രചനകള്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ചതാണ്.
അന്താരാഷ്ട്ര മുസ് ലിം പണ്ഡിത സമിതി സ്ഥാപിച്ച് ആഗോള പണ്ഡിത സമൂഹത്തിന് ധിഷണാപരമായ നേതൃത്വം നല്‍കിയതിലൂടെ ആദര്‍ശപരമായ ഐക്യം ഉയര്‍ത്തിപ്പിടിക്കാനും സത്യസന്ധമായ വൈജ്ഞാനിക വിനിമയങ്ങള്‍ സമൂഹത്തില്‍ സാധ്യമാക്കാനും ശൈഖ് ഖറദാവിക്ക് സാധിച്ചു എന്നും കേന്ദ്ര സമിതി അനുസ്മരിച്ചു.
ഫലസ്ഥീന്‍ ഉള്‍പ്പെടെ ആഗോള മുസ്ലിം പ്രശ്‌നങ്ങളില്‍ നീതിയുടെ പക്ഷത്ത് നിലകൊള്ളുകയും, നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം പുലര്‍ത്തുകയും ചെയ്തിരുന്ന
പണ്ഡിതനായിരുന്നു അദ്ദേഹമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ആക്ടിംഗ് പ്രസിഡന്റ് കെ സി അബ്ദുല്ലത്വീഫ് അധ്യക്ഷത വഹിച്ചു.