Breaking News

ഖത്തറില്‍ ശൈത്യകാല ക്യാമ്പിംഗ് സീസണ്‍ നവംബറില്‍ ആരംഭിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ശൈത്യകാല ക്യാമ്പിംഗ് സീസണ്‍ നവംബര്‍ 1 ന് ആരംഭിക്കുമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചു. 2023 ഏപ്രില്‍ 1 വരെ സീസണ്‍ തുടരും. രാജ്യത്തിന്റെ വടക്കന്‍, മധ്യ മേഖലകളിലാണ് പ്രധാനമായും ക്യാമ്പിംഗ് നടക്കുക.

രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ (സീലൈന്‍, ഖോര്‍ അല്‍ ഉദെയ്ദ്) ക്യാമ്പിംഗ് 2022 ഡിസംബര്‍ 20 വരെ നീട്ടിവെക്കാനും മന്ത്രാലയം തീരുമാനിച്ചു. ഇവിടങ്ങളിലെ ക്യാമ്പ് 2023 മെയ് 20 വരെ നീട്ടാനും തീരുമാനിച്ചു.

ലോകകപ്പ് വേളയില്‍ സന്ദര്‍ശകര്‍ക്ക് ഖത്തറി സംസ്‌കാരവും അത് ഉള്‍ക്കൊള്ളുന്ന അതുല്യമായ അന്തരീക്ഷവും പരിചയപ്പെടുത്തുന്ന പൈതൃകവും വിനോദ പരിപാടികളും സംഘടിപ്പിക്കുന്നതിനാണ് സീലൈന്‍, ഖോര്‍ അല്‍ ഉദൈദ് മേഖലകള്‍ ശ്രദ്ധിക്കുന്നതെന്ന് നാച്ചുറല്‍ റിസര്‍വ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സാലം ഹുസൈന്‍ അല്‍ സഫ്രാന്‍ പറഞ്ഞു.

ഈ വര്‍ഷത്തെ എല്ലാ പ്രദേശങ്ങളുടെയും രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 16 മുതല്‍ 27 വരെ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലായി നടക്കും. തെക്കന്‍ പ്രദേശങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ (സീലൈന്‍, ഖോര്‍ അല്‍ അദൈദ്) ഒക്ടോബര്‍ 16 മുതല്‍ ഒക്ടോബര്‍ 19 വരെയും മധ്യമേഖലകളില്‍ ക്യാമ്പ് ചെയ്യുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 20 മുതല്‍ ഒക്ടോബര്‍ 23 വരെയും വടക്കന്‍ പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 24 മുതല്‍ ഒക്ടോബര്‍ 27 വരെയുമായിരിക്കും.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഔണ്‍ സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയോ ആണ് രജിസ്ട്രേഷന്‍. അപേക്ഷ അംഗീകരിച്ചത് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇലക്ട്രോണിക് ആയി ഫീസ് അടച്ചാല്‍ മതിയാകും. ഫീസ് അടച്ച തീയതി മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ക്യാമ്പിംഗ് അപേക്ഷ റദ്ദാക്കാന്‍ പെര്‍മിറ്റ് അപേക്ഷകന് അവകാശമുണ്ട്.

ബദല്‍, പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജം, വൃക്ഷത്തൈകളും മരങ്ങളും നട്ടുപിടിപ്പിക്കല്‍, ക്യാമ്പിംഗ് സൈറ്റുകള്‍ പരിപാലിക്കുക, ക്യാമ്പിംഗുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും വ്യവസ്ഥകളും പാലിക്കല്‍ എന്നിവയിലൂടെ പരിസ്ഥിതി സംരക്ഷിക്കാനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു. ഭൂമി, സസ്യങ്ങള്‍, വന്യമൃഗങ്ങള്‍, തീരങ്ങള്‍, ബീച്ചുകള്‍, ദേശാടന പക്ഷികള്‍ എന്നിവയുള്‍പ്പെടെയുള്ള ഖത്തറി പരിസ്ഥിതിയെ നശിപ്പിക്കാതെ നോക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

 

 

Related Articles

Back to top button
error: Content is protected !!