അഡ്വ. സി.കെ. മേനോന്റേത് ഹൃദയത്തിന്റെ ഭാഷ: അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
അമാനുല്ല വടക്കാങ്ങര
ദോഹ. മനുഷ്യ മനസുകളിലേക്ക് നടന്നടുത്ത പത്മശ്രീ അഡ്വ. സി.കെ. മേനോന്റെ ഭാഷ ഹൃദയത്തിന്റേതായിരുന്നുവെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. സി.കെ. മേനോന്റെ മൂന്നാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് മേനോന്‍ അനുസ്മരണ സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിസിനസ് മേഖലയില്‍ മികവ് തെളിയിച്ച നിരവധി മലയാളികള്‍ ഗള്‍ഫ് മേഖലയിലുണ്ടെങ്കിലും കേരളത്തിലെ സാമൂഹിക,രാഷ്ട്രീയ,ജീവകാരുണ്യ രംഗങ്ങളില്‍ ഒരു പണത്തൂക്കം മുന്നിലായിരുന്നു സി.കെ. മേനോന്റെ സ്ഥാനം. സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുമ്പോഴും എളിമയുടെ തെളിമയില്‍ നിലയുറപ്പിച്ചാണ് മേനോന്‍ മാനവ സ്‌നേഹത്തിന്റെ മാതൃക സൃഷ്ടിച്ചത്.
ജീവിതയാത്രയില്‍ വിജയിക്കാനാഗ്രഹിക്കുന്ന പുതിയ തലമുറയ്ക്ക് മുന്നില്‍ മാതൃകയാകേണ്ട ഒന്നായി അദ്ദേഹത്തിന്റെ ജീവിതത്തെ കാണണം. നന്മയുടെ വിളനിലമായിരുന്നു അദ്ദേഹം. എല്ലാവരെയും ഉള്‍ക്കൊള്ളാനാണ് സി.കെ. മേനോന്‍ പഠിപ്പിച്ചതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ദാനശീലത്തിന്റെ അടയാളവാക്യമായിരുന്നു സി.കെ. മേനോനെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവും സ്വന്തം ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പുള്ളയാളായിരുന്നു മേനോനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അനുസ്മരിച്ചു.
കോര്‍പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, അനുസ്മരണ സമിതി പ്രസിഡന്റും മുന്‍മന്ത്രിയുമായ എം.എം. ഹസന്‍, എ.ബി.എന്‍. കോര്‍പറേഷന്‍ എം.ഡിയുംം നോര്‍ക്ക റൂട്ട്സ് ഡയറക്ടറും സി.കെ. മേനോന്റെ മകനുമായ ജെ.കെ. മേനോന്‍ എന്നിവര്‍ സംസാരിച്ചു. അനുസ്മരണ സമിതി കണ്‍വീനര്‍ എം.കെ. ഹരിദാസ് സ്വാഗതവും കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയല്‍ നന്ദിയും പറഞ്ഞു.