ഖത്തറില്‍ സന്ദര്‍ശകര്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം 50 റിയാല്‍ , ഇന്ന് മുതല്‍ ബാധകം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം 50 റിയാലായിരിക്കും. ഒക്ടോബര്‍ 2 ന് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച പ്രകാരമാണിത്. ഖത്തറില്‍ ആരോഗ്യ ഇന്‍ഷ്യൂറന്‍സ് നിര്‍ബന്ധമാക്കുവാന്‍ നേരത്തെ മന്ത്രി സഭ തീരുമാനിച്ചിരുന്നു.
ആര്‍ട്ടിക്കിള്‍ (1) പ്രകാരം, 2021-ലെ നിയമ നമ്പര്‍ 22-ന്റെ വ്യവസ്ഥകള്‍ അനുസരിച്ച്, സന്ദര്‍ശകര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം 50 റിയാലായിരിക്കും. സന്ദര്‍ശക വിസ നീട്ടുമ്പോള്‍ ഇന്‍ഷുറന്‍സ് പ്രീമിയവും ഇതേ നിരക്കില്‍ പുതുക്കേണ്ടിവരും.
ആര്‍ട്ടിക്കിള്‍ (2) പറയുന്നത്, ‘അതിന്റെ അധികാരപരിധിക്കുള്ളിലുള്ള എല്ലാ യോഗ്യതയുള്ള അധികാരികളും ഈ തീരുമാനം നടപ്പിലാക്കുകയും അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതിയുടെ അടുത്ത ദിവസം മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും. ഇന്നലെയാണ് ഗസറ്റ് പ്രസിദ്ധീകരിച്ചത്, അതിനാല്‍ ഇന്ന് മുതല്‍ ബാധകമാകും.
സന്ദര്‍ശകര്‍ക്കുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം നിര്‍ണ്ണയിക്കുന്നതിനുള്ള പൊതുജനാരോഗ്യ മന്ത്രിയുടെ നിര്‍ദേശം സെപ്തംബര്‍ 4-ന് പുറപ്പെടുവിച്ചിരുന്നു.
ആദ്യം സന്ദര്‍ശകരക്കാണ് ആരോഗ്യ ഇന്‍ഷ്യൂറന്‍സ് നിര്‍ബന്ധമാക്കുകയെന്നും ഘട്ടം ഘട്ടമായി എല്ലാ പ്രവാസികള്‍ക്കും ആരോഗ്യ ഇന്‍ഷ്യൂറന്‍സ് നിര്‍ബന്ധമാക്കുമെന്നും അധികൃതര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.