
ലോകകപ്പ് കാണാനുള്ള ഏറ്റവും വലിയ ഡിസ്പ്ലേ സ്‌ക്രീന്‍ ദോഹ കോര്‍ണിഷില്‍ സ്ഥാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകകപ്പ് കാണാനുള്ള ഏറ്റവും വലിയ ഡിസ്പ്ലേ സ്‌ക്രീന്‍ ദോഹ കോര്‍ണിഷില്‍ സ്ഥാപിച്ചു.
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ വിനോദ പരിപാടികള്‍ ദോഹ കോര്‍ണിഷില്‍ നടപ്പാക്കുന്നതിന്റെ ചുമതലയുള്ള കമ്മിറ്റിയാണ് ടൂര്‍ണമെന്റ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ഏറ്റവും വലിയ ഡിസ്പ്ലേ സ്‌ക്രീന്‍ സ്ഥാപിച്ചത്.
ബീന്‍ സ്പോര്‍ട്സ് ചാനലിന്റെ അഭിപ്രായത്തില്‍, സ്‌ക്രീനില്‍ ഏറ്റവും പുതിയ ഹൈ-ഡെഫനിഷന്‍ വിഷ്വല്‍ ഡിസ്പ്ലേ സാങ്കേതികവിദ്യയും ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ സിസ്റ്റവും ഉണ്ട്.
ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയത്തിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന ഭീമന്‍ സ്‌ക്രീന്‍, ടൂര്‍ണമെന്റിന്റെ ആരാധകര്‍ക്കും ദോഹ കോര്‍ണിഷിലെ സന്ദര്‍ശകര്‍ക്കും മത്സരത്തിലുടനീളം തത്സമയ സംപ്രേക്ഷണം വഴി മത്സരങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കും.
ടൂര്‍ണമെന്റില്‍ ദിവസവും രാവിലെ 10 മുതല്‍ അര്‍ദ്ധരാത്രി വരെ നടക്കുന്ന വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന കോര്‍ണിഷിന്റെ കടല്‍ത്തീരത്ത് വ്യാപിച്ചുകിടക്കുന്ന ഇവന്റ് സ്ഥലത്തും മറ്റ് നിരവധി സ്ഥലങ്ങളിലും വലിയ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.