ഫിഫ 2022 ലോകകപ്പ് ഖത്തറിനായി 20 ലക്ഷം രാത്രികളിലെ താമസം ബുക്ക് ചെയ്തു, പുതുതായി 30,000 മുറികളില്‍ കൂടി താമസ സൗകര്യമൊരുക്കി സംഘാടകര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിന് വിസിലുയരാന്‍ ഒരു മാസം മാത്രം ശേഷിക്കെ താമസ സൗകര്യങ്ങളില്‍ വമ്പിച്ച പുരോഗതിയെന്ന് റിപ്പോര്‍ട്ട്. വിവിധ താമസ സൗകര്യങ്ങളിലായി 20 ലക്ഷം രാത്രികളിലെ താമസം ബുക്ക് ചെയ്തായും പുതുതായി 30,000 മുറികളില്‍ കൂടി താമസ സൗകര്യമൊരുക്കിയതായും സംഘാടകര്‍ അറിയിച്ചു.
അമാനുല്ല വടക്കാങ്ങര
നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ മദ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ലോകകപ്പില്‍ ഏകദേശം 12 ലക്ഷം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അപ്പാര്‍ട്ട്മെന്റുകളും വില്ലകളും മുതല്‍ ക്രൂയിസ് കപ്പല്‍ ഹോട്ടലുകള്‍, ഫാന്‍ വില്ലേജുകള്‍, പഞ്ചനക്ഷത്രഹോട്ടലുകള്‍, സാധാരണ ഹോട്ടലുകള്‍ തുടങ്ങി ഓരോരുത്തര്‍ക്കും താങ്ങാവുന്ന നിരക്കിലുള്ള വൈവിധ്യമാര്‍ന്ന താമസസൗകര്യങ്ങള്‍ ഖത്തര്‍ 2022 അക്കോമഡേഷന്‍ ഏജന്‍സി പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. എല്ലാ ടിക്കറ്റ് ഉടമകള്‍ക്കും താമസ സൗകര്യം ഉറപ്പാക്കാന്‍ പുതിയ ഓപ്ഷനുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസി ഡയറക്ടര്‍ ജനറല്‍, എഞ്ചി. യാസിര്‍ അല്‍ ജമാല്‍ പറഞ്ഞു.