വിദേശികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ അറബിക് കോഴ്സുമായി ഖത്തര്‍ യൂണിവേഴ്സിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ: വിദേശികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ അറബിക് കോഴ്സുമായി ഖത്തര്‍ യൂണിവേഴ്സിറ്റി. വിശ്വസനീയമായ അറബിക് ഉള്ളടക്കം ഓണ്‍ലൈനായി നല്‍കാനുള്ള സര്‍വകലാശാലയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണിത്.
ഖത്തറിനും ലോകത്തിനുമിടയില്‍ ആശയവിനിമയത്തിന്റെ പാലങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രാദേശിക സംസ്‌കാരവും വ്യക്തിത്വവും വിശാലമായ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനുമായാണ് ഖത്തര്‍ യൂണിവേഴ്സിറ്റി ഓണ്‍ലൈന്‍ കോഴ്സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അറബിക് ഫോര്‍ നോണ്‍-അറബിക് സ്പീക്കേഴ്സ് കോഴ്സ്, ഹ്യൂമന്‍ ബീയിംഗ് ഇന്‍ ഇസ്ലാം കോഴ്സ്, ഖത്തര്‍ ഹിസ്റ്ററി ആന്റ് ഹെറിറ്റേജ് കോഴ്‌സ് എന്നീ മൂന്ന് ഓണ്‍ലൈന്‍ കോഴ്‌സുകളാണ് തുടക്കത്തില്‍ ആരംഭിക്കുന്നത്.
2019-ലെ അമീരി ഉത്തരവ് പ്രകാരം അറബി ഭാഷയുടെ സംരക്ഷണം സംബന്ധിച്ച നിയമം നമ്പര്‍ 7 അനുസരിച്ച് അറബി ഭാഷയെ പിന്തുണയ്ക്കാനും സംരക്ഷിക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ കോഴ്‌സുകള്‍.
ഖത്തര്‍ യൂണിവേര്‍സിറ്റിയുടെ ‘അറബിക് ഫോര്‍ നോണ്‍-നേറ്റീവ് സ്പീക്കേഴ്സ് സെന്റര്‍’ മുഖേന, 35-ലധികം രാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് അറബി പഠിക്കുന്നുണ്ട്. തദ്ദേശീയരല്ലാത്തവര്‍ക്കായി അറബി പഠിപ്പിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഫാക്കല്‍റ്റി അംഗങ്ങളുടെ ഒരു എലൈറ്റ് ഗ്രൂപ്പാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. അറബിക് ഓണ്‍ലൈനില്‍ പഠിക്കാനുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. കോഴ്സുകള്‍ അനൗണ്‍സ് ചെയ്ത ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 600 പേര്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്തതായി യൂണിവേര്‍സിറ്റി അറിയിച്ചു.
ലോകമെമ്പാടുമുള്ള മാതൃഭാഷയല്ലാത്തവരെ അറബി പഠിപ്പിക്കുന്നതില്‍ വിദ്യാഭ്യാസ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു തുറന്ന വിദ്യാഭ്യാസ പ്ലാറ്റ്ഫോമിലെ ഇത്തരത്തിലുള്ള ആദ്യ കോഴ്സാണിത്. ഈ കോഴ്സിന് അനുബന്ധമായി രണ്ട് കോഴ്സുകള്‍ കൂടി വികസിപ്പിക്കുന്ന കാര്യം സര്‍വകലാശാല പരിഗണിക്കുന്നുണ്ട്. മാതൃഭാഷയല്ലാത്തവര്‍ക്ക് അറബിക് പഠിപ്പിക്കുന്നതിനുള്ള ഒരു മൈക്രോ സ്പെഷ്യലൈസേഷന്‍ പ്രോഗ്രാം രൂപീകരിക്കാനും ഖത്തര്‍ യൂണിവേര്‍സിറ്റി ആലോചിക്കുന്നതായറിയുന്നു.