ഫുട്‌ബോള്‍ ആരാധകരെ വിസ്മയിപ്പിക്കുന്ന ലോകകപ്പ് സ്മരണികകളുടെ പ്രദര്‍ശനം സിറ്റി സെന്ററില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന് വിസിലുയരാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ ഫുട്‌ബോള്‍ ആരാധകരെ വിസ്മയിപ്പിക്കുന്ന ലോകകപ്പ് സ്മരണികകളുടെ പ്രദര്‍ശനവുമായി ഖത്തറീ കളക്ടറായ മുഹമ്മദ് അബ്ദുല്‍ ലത്തീഫ് .കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് അദ്ദേഹം ശേഖരിച്ച ഫുട്‌ബോള്‍ സ്മരണികകളുടെ ശ്രദ്ധേയമായ ഒരു നിരയാണ് പ്രദര്‍ശനത്തിലുള്ളത്. തന്റെ ഫിഫ ലോകകപ്പ് ഭാഗ്യചിഹ്നങ്ങളുടെ ശേഖരം ദോഹയിലെ ആളുകളുമായി പങ്കിടുന്നതില്‍ സന്തോഷമുണ്ടെന്ന് മുഹമ്മദ് അബ്ദുല്‍ ലത്തീഫിനെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 1966 മുതലുള്ള എല്ലാ ഫിഫ ലോകകപ്പ് ഭാഗ്യചിഹ്നങ്ങളും ഈ പ്രദര്‍ശനത്തിലുണ്ട്.
സിറ്റി സെന്റര്‍ മാളിന്റെ ഒന്നാം നിലയിലുള്ള ഈ പ്രദര്‍ശനം സംഘടിപ്പിക്കുന്നത് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ്. ഡിസംബര്‍ 20 വരെ ദിവസവും രാവിലെ 8 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശന സമയം.
മുഹമ്മദ് അബ്ദുല്‍ ലത്തീഫുമായി ഖത്തര്‍ ന്യൂസ് ഏജന്‍സി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗം
മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തെയും ആദ്യ ലോകകപ്പിന് മുന്നോടിയായി നിങ്ങളുടെ ഭാഗ്യചിഹ്ന ശേഖരം ഖത്തറിലെ ജനങ്ങളുമായി പങ്കിടുന്നത് എങ്ങനെ തോന്നുന്നു?
ഞാന്‍ വളരെ അഭിമാനിക്കുന്നു. ആളുകള്‍ ഭാഗ്യചിഹ്നങ്ങള്‍ കാണുന്നത് ആസ്വദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 1966 മുതല്‍ 2022 ന്റെ പ്രഥമ ഡിജിറ്റല്‍ മാസ്‌കോട്ടായ ലയീബ് വരെ ഡിസൈനുകള്‍ എങ്ങനെ മാറിയെന്ന് കാണുന്നത് രസകരമാണ്.
ലോകകപ്പ് സ്മരണികകള്‍ ശേഖരിക്കാനുള്ള നിങ്ങളുടെ അഭിനിവേശം ജ്വലിപ്പിച്ചത് എന്താണ്?
ഞാന്‍ ഒരു വലിയ ലോകകപ്പ് ആരാധകനാണ്. സത്യത്തില്‍, 1982 ലോകകപ്പ് ടിവിയില്‍ കണ്ടതാണ് എന്റെ ആദ്യകാല ഫുട്‌ബോള്‍ ഓര്‍മ്മ. 2014-ല്‍, ലോകകപ്പ് ടിക്കറ്റുകള്‍ ശേഖരിക്കുന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം ഞാന്‍ വായിച്ചു, അത് എനിക്ക് ശരിക്കും താല്‍പ്പര്യമുണ്ടാക്കി. അങ്ങനെയാണ് 1930 മുതലുള്ള ഓരോ ലോകകപ്പിന്റേയും ടിക്കറ്റുകള്‍ ശേഖരിക്കാനുള്ള ശ്രമമാരംഭിച്ചത്. 2018 ലെ റഷ്യ ലോകകപ്പ് വരെയുള്ള ടൂര്‍ണമെന്റുകളുടെ 95% ടിക്കറ്റുകളും ശേഖരിക്കാന്‍ കഴിഞ്ഞു. ലോകകപ്പുകളുടെ ഭാഗ്യ ചിഹ്നങ്ങള്‍, ഫുട്‌ബോള്‍, പഴയ പത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്മരണികകള്‍ ഞാന്‍ ശേഖരിക്കാന്‍ തുടങ്ങി. നിലവില്‍ ലോകകപ്പുമായി ബന്ധപ്പെട്ട 1,200-ലധികം അമൂല്യ ശേഖരങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു.
നിങ്ങളുടെ ശേഖരത്തിനായി സ്വന്തമാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഇനം ഏതാണ്?
മിക്ക വസ്തുക്കളും സ്വന്തമാക്കാന്‍ എളുപ്പമല്ല, പ്രത്യേകിച്ച് ടൂര്‍ണമെന്റിന്റെ മുന്‍ പതിപ്പുകളില്‍ നിന്നുള്ള സ്മരണികകള്‍. എന്നാല്‍ സ്പെയിന്‍, നെതര്‍ലാന്‍ഡ്സ്, യുകെ, ബ്രസീല്‍, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളിലെ എന്റെ സഹ കളക്ടര്‍മാരുടെ അന്താരാഷ്ട്ര ശൃംഖലയുടെ സഹകരണത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അപൂര്‍വ ഇനം സ്മരണികകള്‍ സ്വന്തമാക്കുന്നതില്‍ ഞാന്‍ ഭാഗ്യവാനായിരുന്നു.
1930 ലോകകപ്പിലെ ഒരു ഉറുഗ്വേന്‍ കളിക്കാരന്റെ ഒരു ജോടി ഫുട്‌ബോള്‍ ബൂട്ടുകളായിരുന്നു നേടിയെടുക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഇനം. ലേലത്തിലൂടെയാണ് അത് സ്വന്തമാക്കിയത്. എന്റെ സുഹൃത്താണ് എന്നെ പ്രതിനിധീകരിച്ച് ലേലത്തില്‍ പങ്കെടുത്തത്. യൂറോപ്പിലെ മറ്റ് കളക്ടര്‍മാരില്‍ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണ് അവ നേടിയെടുത്തത്.
നിങ്ങളുടെ ശേഖരത്തിലെ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഇനം ഏതാണ്?
ഇറ്റലിയും ചെക്കോസ്ലോവാക്യയും തമ്മില്‍ നടന്ന 1934 ലോകകപ്പ് ഫൈനലിന്റെ ടിക്കറ്റ് ഏറെ വിലപ്പെട്ടതാണ്. ഫൈനലില്‍ കളിച്ച മൂന്ന് ഇറ്റാലിയന്‍ കളിക്കാര്‍ ഒപ്പിട്ടതിനാല്‍ ഇത് വളരെ അപൂര്‍വവും കൂടുതല്‍ മൂല്യവത്തായതുമാണ്. ഇതിനായി വലിയ തുക നല്‍കാമെന്ന് പലരും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും സമ്പൂര്‍ണമായ ലോകകപ്പ് ടിക്കറ്റ് ശേഖരണങ്ങളിലൊന്നിന്റെ ഉടമയായി അംഗീകരിക്കപ്പെട്ടപ്പോള്‍ എന്താണ് തോന്നുന്നത്?
ലോകകപ്പ് ടിക്കറ്റുകളുടെ ഏറ്റവും വലിയ ശേഖരം ഒരു ഖത്തറിയുടേതാണെന്ന് ഫിഫ പ്രഖ്യാപിച്ചത് എന്നെ അഭിമാനപൂരിതനാക്കുന്നു. 2022 ലോകകപ്പിന്റെ ആതിഥേയരാജ്യമായ ഖത്തറിലാണ് മുന്‍ ലോകകപ്പ് ടിക്കറ്റുകളുടെ ഏറ്റവും മികച്ച ശേഖരമുള്ളതെന്ന് ഫിഫ ടിവി എപ്പിസോഡ് യുട്യൂബില്‍ കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. ‘ടിക്കറ്റ് കളക്ടര്‍മാരുടെ ലോക ചാമ്പ്യന്‍’ എന്നാണ് അവര്‍ എന്നെ വിശേഷിപ്പിച്ചത്. ഇത് കേട്ടപ്പോഴത്തെ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
ഈ ശേഖരത്തെ നിങ്ങള്‍ എങ്ങനെ വിലമതിക്കുന്നു്?
എന്നെ സംബന്ധിച്ചിടത്തോളം ഈ സ്മരണികകള്‍ സ്വര്‍ണ്ണപ്പൊടി പോലെയാണ്. ഈ വിലയേറിയ വസ്തുക്കള്‍ക്കെല്ലാം പിന്നില്‍ അതിശയകരമായ കഥകളുണ്ടെന്നത് എന്നെ ആവേശഭരിതനാക്കുന്നു.
ഖത്തര്‍ 2022-ല്‍ നിന്നും നിങ്ങളുടെ ശേഖരത്തിലേക്ക് എന്ത് സ്മരണികകള്‍ ചേര്‍ക്കാനാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?
എന്റെ രാജ്യത്ത് നടക്കുന്ന ഫിഫ 2022 വിലെ 64 മത്സരങ്ങളുടേയും ഫിസിക്കല്‍ ടിക്കറ്റ് കണ്ടെത്തുക എന്നതാണ് എന്റെ സ്വപ്നം. ഈ വര്‍ഷത്തെ മിക്ക ടിക്കറ്റുകളും ഡിജിറ്റല്‍ ആയതിനാല്‍ അവ സംഘടിപ്പിക്കാനാാല്‍ അതൊരു അപൂര്‍വ ശേഖരമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
ഖത്തറില്‍ ആരംഭിച്ച ഈ അപൂര്‍വ പ്രദര്‍ശനം ലോകകപ്പിനെത്തുന്ന ആരാധകരെ വിസ്മയിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലോകകപ്പിന്റെ ചരിത്രത്തിലുടനീളം, ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളുടെ പാരമ്പര്യങ്ങളെയും ആചാരങ്ങളെയും സൂചിപ്പിക്കുന്ന ചിഹ്നങ്ങളായി 15 ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളെയാണ് ഫിഫ പരിചയപ്പെടുത്തിയത്.
1966-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലാണ് ഭാഗ്യചിഹ്നം ആദ്യമായി ഫിഫ അവതരിപ്പിച്ചത്.
2022 ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക ചിഹ്നമായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷനും (ഫിഫ) ഏപ്രില്‍ 1 ന് ലോകകപ്പ് നറുക്കെടുപ്പിന്റെ ഭാഗമായി ഖത്തര്‍ ലോകകപ്പ് ഭാഗ്യചിഹ്നമായി ലയീബിനെ പരിചയപ്പെടുത്തി. സൂപ്പര്‍ സ്‌കില്‍ഡ് കളിക്കാരന്‍ എന്നര്‍ത്ഥം വരുന്ന അറബി പദമാണ് ലയീബ്.