Archived Articles

പ്രവാചക സ്‌നേഹം വിളിച്ചോതി സമാപന സമ്മേളനം

അമാനുല്ല വടക്കാങ്ങര

ദോഹ. മുഹമ്മദ് നബി ജീവിതം സന്ദേശം എന്ന തലക്കെട്ടില്‍ സി.ഐ.സി ദോഹ സോണ്‍ സംഘടിപ്പിച്ച ക്യാമ്പയിന് സമാപനം കുറിച്ചുകൊണ്ട് വക്രയിലുള്ള ബര്‍വാ വില്ലേജില്‍ സംഘടിപ്പിച്ച സമാപന സമ്മേളന0 പ്രാതിനിധ്യം കൊണ്ടും പ്രഭാഷണങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി.

പ്രവാചകനെ എങ്ങനെയൊക്കെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും ചരിത്രത്തെ വളച്ചൊടിച്ച് ഭീതിയുല്‍പ്പാദിപ്പിക്കാന്‍ ശ്രമിച്ചാലും ലോകാവസാനം വരെ ജനഹൃദയങ്ങളില്‍ മഹാനായ പ്രവാചകന്‍ കൂടുതല്‍ ശോഭയോടെ നിലനില്‍ക്കും.അദ്ദേഹം പ്രയോഗവല്‍ക്കരിച്ച ധാര്‍മ്മിക മൂല്യങ്ങള്‍ കൂടുതല്‍ കരുത്തോടെ തലമുറകള്‍ക്ക് കൈമാറുകയും ചെയ്യും,എന്ന സന്ദേശമായിരുന്നു സമ്മേളനത്തില്‍ മുഴങ്ങിക്കേട്ടത്. സത്യവും നീതിയും ധാര്‍മ്മികതയും പ്രകൃതിയുടെ സംഭാവനകളാണെന്നും അവയെ എത്ര ശ്രമിച്ചാലും ഊതിക്കെടുത്താന്‍ സാധ്യമല്ലെന്നും സമ്മേളന0 വിളിച്ചുപറഞ്ഞു.

ലോക ചരിത്രത്തില്‍ സ്മരിക്കപ്പെട്ടു പോരുന്ന ഒരുപാട് വിപ്ലവങ്ങളുണ്ട് പക്ഷെ സൈനികരുടെയും, സമ്പത്തിന്റെയും ആയുധങ്ങളുടെയും പിന്‍ബലമില്ലാതെ, യുക്തി കൊണ്ടും സത്യം നീതി ധര്‍മ്മം എന്നീ പ്രകൃതിദത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനഹൃദയങ്ങള്‍ കീഴടക്കി മുന്നേറിയ പ്രവാചകന്‍ മുഹമ്മദല്ലാത്ത ഒരു വിപ്ലവ നേതാവിനെയും ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടാണ് എത്രയൊക്കെ ശ്രമിച്ചിട്ടും ലോകത്തെ സ്വാധീനിച്ച 100 പേരുടെ കണക്കെടുത്തപ്പോള്‍ ഒന്നാം സ്ഥാനത്തു നിര്‍ത്താന്‍ മറ്റൊരു നേതാവിനും യോഗ്യത കല്‍പ്പിക്കാന്‍ ഗ്രന്ഥകര്‍ത്താവിനു കഴിയാതെ പോയത്.

പ്രവാചകന്‍ മുഹമ്മദ് ഒരു പ്രചോദനമാണ്. അനീതിയോട് പ്രതികരിക്കേണ്ടതെങ്ങിനെ, വിമര്‍ശകരെ സ്വാധീനിക്കേണ്ടതെങ്ങിനെ, സത്യത്തിന്റെ പ്രബോധനവും തിന്മയുടെ വിപാടനവും എങ്ങനെ, ദൈവ കാരുണ്യം ലഭ്യമാകുന്നതെങ്ങനെ, ദൈവകോപത്തിനു കാരണമാകുന്നതെന്തെല്ലാം, മനുഷ്യ രാശിയുടെ കെട്ടുറപ്പിന്റെ പാഠങ്ങളെന്തെല്ലാം എന്നു തുടങ്ങി ഭൂമിയിലെ മനുഷ്യരുടെ സമാധാന പൂര്‍ണമായ ജീവിതത്തിനു0 മരണാനന്തരമുള്ള ശാശ്വത ജീവിതത്തിനും അവലംബമായ എല്ലാ തത്വങ്ങളും പ്രമാണങ്ങളും പ്രവാചകന്‍ അവതരിപ്പിക്കുകയും വിജയകരമായി പ്രയോഗവല്‍ക്കരിക്കുകയും ചെയ്തിട്ടുണ്ട് – പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി.

പ്രവാചകന്റെ അനുയായികള്‍ ആര്‍ജ്ജിച്ചെടുക്കേണ്ടത് തങ്ങള്‍ മനസ്സിലാക്കിയ സത്യം പ്രതികരണ ഭീതികൂടാതെ വിളിച്ചുപറയാനുള്ള ധൈര്യമാണ്. പ്രവാചന്‍ മുഹമ്മദിനോടുള്ള സ്‌നേഹം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും സത്യം, നീതി, ധര്‍മ്മം, സമാധാനം എന്നീ പ്രവാചക സന്ദേശങ്ങള്‍ അനുസ്മരിക്കപ്പെടുമ്പോഴും നമ്മള്‍ മറന്നു പോകുന്ന ഒന്ന് നിലവിലുള്ള സാഹചര്യത്തില്‍ സാമൂഹ്യ നീതിയോടുള്ള ധിക്കാരങ്ങളെയും അനീതി നിറഞ്ഞ ഭരണകൂട പെരുമാറ്റങ്ങളെയും ശക്തമായി ചെറുക്കാനും നീതി സംസ്ഥാപിക്കാനും മുസ്ലിം ലോകത്തിനു കഴിയാതെ പോകുന്നതെന്തുകൊണ്ടാണെന്നു ചിന്തിക്കണമെന്നും പ്രഭാഷകര്‍ ഓര്‍മ്മപ്പെടുത്തി.

ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവാചക ഗാന മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെയും മുതിര്‍ന്നവരെയും ഉപഹാരങ്ങള്‍ നല്‍കിക്കൊണ്ട് ആദരിച്ചു. സി.ഐ.സി ദോഹ സോണ്‍ വൈസ് പ്രസിഡന്റ് ഐ.എം ബാബു സ്വാഗതം പറഞ്ഞു. സി.ഐ.സി പ്രസിഡന്റ് ടി.കെ ഖാസി0 സമ്മേളന0 ഔപചാരികമായി ഉല്‍ഘാടനം ചെയ്തു,ദോഹ സോണ്‍ പ്രസിഡന്റ് മുഷ്താഖ് ഹുസൈന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു ദോഹ മദ്രസ്സ പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ വാസ്സിഅ് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ നന്ദിയും സമാപന പ്രാര്‍ത്ഥനയും നടത്തി.

 

 

Related Articles

Back to top button
error: Content is protected !!