ലോകകപ്പ് ആരാധകരെ ദോഹയിലേക്ക് കൊണ്ടുവരുന്നതിന് സൗദി എയര്‍ലൈന്‍സിന്റെ 780 വിമാനങ്ങള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പിന് ആരാധകരെ കൊണ്ടുവരുന്നതിന് സൗദി എയര്‍ലൈന്‍സിന്റെ 780 വിമാനങ്ങള്‍ അനുവദിച്ചതായി സൗദി എയര്‍ലൈന്‍സിനെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും മൊത്തം 254,000 സീറ്റുകളാണ് 780 ഷെഡ്യൂള്‍ ചെയ്ത, അധിക, ഷട്ടില്‍ വിമാനങ്ങളിലുണ്ടാവുക.
‘ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്ന അതിഥികള്‍ക്കും സൗദി ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ആരാധകര്‍ക്കും ഒരേ ദിവസത്തെ റൗണ്ട് ട്രിപ്പിനായി ദൈനംദിന ഷട്ടിലുകളുടെ സൗകര്യം ആസ്വദിക്കാം. കളികാണാന്‍ ആഗ്രഹിക്കുന്ന ദിവസം ദോഹയിലെത്തി കളികഴിഞ്ഞ അന്ന് തന്നെ തിരിച്ചുപോകാന്‍ കഴിയുകയെന്നത് പലര്‍ക്കും വലിയ അനുഗ്രഹമാണ് .
യാത്രാ ക്രമീകരണങ്ങള്‍ ലളിതമാക്കുന്നതിനും സമയവും പ്രയത്‌നവും ലാഭിക്കുന്നതിനും, ഷട്ടില്‍ ഫ്ൈളറ്റുകളിലെ അതിഥികള്‍ക്ക് അവരുടെ രണ്ട് ഫ്‌ളൈറ്റുകള്‍ക്കിടയിലുള്ള സമയം പരിഗണിക്കാതെ, ഒരേ സമയം പുറപ്പെടുന്നതിനും മടങ്ങുന്നതിനും ബോര്‍ഡിംഗ് പാസുകള്‍ നല്‍കുന്നതിന് അനുവാദമുണ്ട്. എന്നാല്‍ എല്ലാ അതിഥികള്‍ക്കും അവരുടെ ഹയ്യ കാര്‍ഡുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഖത്തറില്‍ പ്രവേശിക്കാനും ടൂര്‍ണമെന്റിലുടനീളം ലോകകപ്പ് വേദികളില്‍ പ്രവേശിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഹയ്യ കാര്‍ഡ് നിര്‍ബന്ധമാണ്.