Uncategorized

വൈവിധ്യങ്ങള്‍ ആസ്വദിക്കാനും ആസ്വദിപ്പിക്കാനും സര്‍ഗാത്മകമായി ഇടപെടുക

അമാനുല്ല വടക്കാങ്ങര

ദോഹ. വര്‍ണ്ണങ്ങളിലെ വൈവിധ്യങ്ങളെ വൈരുദ്ധ്യങ്ങളായി വായിക്കാന്‍ ബോധപൂര്‍വ്വമായ പ്രേരണകള്‍ നടന്നു കൊണ്ടിരിക്കുന്ന കാലത്ത്,വൈവിധ്യങ്ങള്‍ ആസ്വദിക്കാനും ആസ്വദിപ്പിക്കാനും സര്‍ഗാത്മകമായി ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുക എന്നതാണ് തനിമ കലാ സാഹിത്യവേദിയുടെ ദൗത്യമെന്ന് തനിമ ഡയറകടര്‍ ആര്‍.എസ് അബ്ദുല്‍ ജലീല്‍ അഭിപ്രായപ്പെട്ടു.തനിമ കലാസാഹിത്യവേദിയുടെ അനുബന്ധമായി രൂപം കൊണ്ട തനിമ ലിറ്റററി ക്ലബ്ബ് തനിമരത്തണലില്‍ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തനിമ സംഘടിപ്പിച്ച വിവിധ മത്സരങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യപ്പെട്ടവരാണ് ലിറ്റററി ക്ലബ്ബിലെ അംഗങ്ങള്‍.തങ്ങളുടെ അഭിരുചികളെ ദിനേന പങ്കുവെക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വാട്സാപ്പ് ഗ്രൂപ്പ് തനിമ ലിറ്റററി ഗ്രൂപ്പായി രൂപാന്തരപ്പെടുകയായിരുന്നു.അക്ഷര സ്‌നേഹികളുടെ വിപുലമായ ഒരു കൂട്ടായ്മയായി ഈ കൂട്ടായ്മയെ വളര്‍ത്തി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് സദസ്സില്‍ പങ്കുവെക്കപ്പെട്ടു.

ഓള്‍ഡ് ഐഡിയല്‍ സ്‌കുള്‍ ഹാളില്‍ സംഘടിപ്പിച്ച കലാമേള കണ്ണും കാതും കുളിര്‍പ്പിക്കുന കാട്ടരുവി പോലെ കളകളം ഒഴുകുകയായിരുന്നു.ഐഷ റനയുടെ പ്രാര്‍ഥനാ ഗീതത്തോടെയായിരുന്നു പ്രാരംഭം.മുപ്പതിലേറെ പ്രതിഭകളുടെ പ്രകടനങ്ങള്‍ കാഴ്ചവെച്ച കലാവിരുന്ന് കലാസ്വാദകരുടെ സാന്നിധ്യം കൊണ്ട് ധന്യമായി.

ക്ലബ്ബ് അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായി സംഘടിപ്പിച്ച സംഗമത്തില്‍ സീനിയര്‍ ജൂനിയര്‍ കുട്ടികള്‍ക്കായി കളറിങ് മത്സരം സംഘടിപ്പിച്ചിരുന്നു.സീനിയര്‍ വിഭാഗത്തില്‍ ഹയ ഫൈസല്‍,മുഹമ്മദ് നഫിന്‍ഷ,മറിയം അബ്ദുല്‍ വഹാബ് എന്നീ പ്രതിഭകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹരായി.ജൂനിയര്‍ വിഭാഗത്തില്‍ ധ്യാന്‍ ഷിജു,സാറ അബ്ദുല്‍ വഹാബ്,ഐദിന്‍ ഷിസാന്‍ തുടങ്ങിയ പിഞ്ചോമനകളും യഥാക്രമം സമ്മാനാര്‍ഹരായി.

ശ്രുതിമധുരമായ ഗാനങ്ങളും,ഘനഗംഭീര ശബ്ദത്തില്‍ മുഴങ്ങിയ കവിതകളും,പ്രേക്ഷകരുടെ കണ്ണു നനയിച്ച സോളോ ഡ്രാമയും,പ്രബുദ്ധത പറയുന്ന മലയാളികള്‍ വീണു കൊണ്ടേയിരിക്കുന്ന ചതിക്കുഴികളിലേയ്ക്ക് വിരല്‍ ചൂണ്ടിയ സ്‌കിറ്റും എല്ലാം ഒത്തു ചേര്‍ന്ന കലാവിരുന്നിന് അസീസ് മഞ്ഞിയില്‍ സമാപനം കുറിച്ചു.നബീല്‍ പുത്തൂര്‍ നിയന്ത്രിച്ചു.

ആദ്യാന്തം രസച്ചരട് പൊട്ടാതെ വര്‍ണ്ണങ്ങളുടെ മഴവില്ല് തീര്‍ത്ത പരിപാടികള്‍ക്ക് ആര്‍.എസ് അബ്ദുല്‍ ജലീല്‍, അസീസ് മഞ്ഞിയില്‍,ജയന്‍ മടിക്കൈ,ബിനു ജോണ്‍,മുത്തു ഐ.സി.ആര്‍.സി,യൂസുഫ് പുലാപറ്റ,നാസര്‍ വേളം,നബീല്‍ പുത്തൂര്‍,അമല്‍ ഫര്‍മിസ്,റഹീന സമദ്,നബില റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!