Breaking News

ലോകകപ്പിനെ വരവേല്‍ക്കാന്‍ ഏകദേശം 4000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന വിളക്ക് ഉത്സവത്തിനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ 2022 ലോകകപ്പിനെ വരവേല്‍ക്കാന്‍ ദോഹ കോര്‍ണിഷില്‍ വിളക്ക് ഉത്സവത്തിനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. ഖത്തറില്‍ നിന്നുള്ള നാലായിരത്തോളം വിദ്യാര്‍ഥികള്‍ വിളക്ക് തെളിയിച്ചുകൊണ്ട് കോര്‍ണിഷിനെ വര്‍ണമുഖരിതമാക്കി ലോകകപ്പിന് സ്വാഗതമോതും. നവംബര്‍ 20 ന് ഫിഫ ലോകകപ്പിന്റ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കോര്‍ണിഷില്‍ പരിപാടി നടക്കുക.

ദോഹ കോര്‍ണിഷില്‍ നടക്കുന്ന പരിപാടിയുടെ തയ്യാറെടുപ്പിനായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുമായി സഹകരിച്ച് ഒരു വിളക്കുല്‍സവ ശില്‍പശാല സംഘടിപ്പിച്ചു. നമുക്ക് കോര്‍ണിഷിനെ പ്രഭാ പൂരിതമാക്കാം (ലെറ്റസ് ലൈറ്റ് അപ്പ് ദി കോര്‍ണിഷ്) എന്ന പ്രമേയത്തോടെ നടക്കുന്ന വിളക്കുല്‍സവത്തിന്റെ മുന്നോടിയായി നടന്ന പരിപാടിയില്‍ പൊതു, സ്വകാര്യ സ്‌കൂളുകളില്‍ നിന്നുള്ള നിരവധി പേരാണ് പങ്കെടുത്തത്.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022-ല്‍ പങ്കെടുക്കുന്ന ആരാധകരെ സ്വാഗതം ചെയ്യുന്നതിനായി ഖത്തറില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാകും കോര്‍ണിഷിലെ വിളക്കുല്‍സവം. 60 പൊതു, സ്വകാര്യ സ്‌കൂളുകളില്‍ നിന്നായി ഏകദേശം 3000 മുതല്‍ 4000 വരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അണി നിരക്കുന്ന വിളക്കുല്‍സവം ഖത്തറില്‍ പുതുമയുള്ളതാകും. വിദ്യാര്‍ത്ഥികള്‍ അവരുടെ മാതാപിതാക്കളോടൊപ്പം ദോഹ കോര്‍ണിഷിലൂടെ അവര്‍ നിര്‍മ്മിച്ച വിളക്കുകളും വഹിച്ചു നടക്കുന്ന പരിപാടി ലോകകപ്പ് കാലത്ത് കോര്‍ണിഷില്‍ നടക്കുന്ന ഏറ്റവും വലിയ ഇവന്റുകളിലും വിനോദ പരിപാടികളിലും ഒന്നായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഖത്തര്‍ മ്യൂസിയം, ഖത്തറിലെ വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ സംഘമാണ് പരിശീലന ശില്‍പശാലകളില്‍ ആദ്യ ദിവസം പങ്കെടുത്തത്. ലൈറ്റ് ലാന്റണുകളുടെ നിര്‍മ്മാണത്തില്‍ ഓസ്ട്രേലിയന്‍ സ്‌പെഷ്യലിസ്റ്റായ ജെല്ലി ജാക്സണ്‍ പങ്കെടുത്തവര്‍ക്ക് പരിശീലനം നല്‍കി, പങ്കെടുക്കുന്ന സ്‌കൂളുകളില്‍ നിന്നുള്ള വിഷ്വല്‍ ആര്‍ട്ട്സ്, ഡ്രോയിംഗ്, മ്യൂസിക് അധ്യാപകരെ ലക്ഷ്യമിട്ടുള്ള പരിശീലന ശില്‍പശാലകളില്‍ കലാകാരന്മാരുടെ പിന്തുണ ലഭിക്കും.

വിളക്കുകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് കാണിക്കുന്ന ഒരു വീഡിയോ മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോമുകളില്‍ ഉടന്‍
പോസ്റ്റുചെയ്യും. ഇത് പരിപാടിയില്‍ പങ്കെടുക്കുന്നതിന് പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിളക്കുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കും.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ തുടക്കത്തോട് അനുബന്ധിച്ച് നവംബര്‍ 20 ന് വൈകുന്നേരം ദോഹ കോര്‍ണിഷില്‍ നടക്കുന്ന ഷോകളില്‍ പങ്കെടുക്കാന്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കളെ ക്ഷണിച്ചു.

Related Articles

Back to top button
error: Content is protected !!