ഖത്തറില്‍ അത്യാധുനിക ഫുഡ് പാക്കേജിംഗ് നിര്‍മ്മാണ പ്ലാന്റുമായി ഹോട്ട്പാക്ക് ഗ്ലോബല്‍
സുബൈര്‍ പന്തീരങ്കാവ്
ദോഹ: ഫുഡ് പാക്കേജിംഗ് രംഗത്തെ ലോകോത്തര ബ്രാന്റായ ഹോട്ട്പാക്കിന്റെ ഏറ്റവും പുതിയ നിര്‍മാണ പ്ലാന്റ് ഖത്തറില്‍ ആരംഭിച്ചു. യു എ ഇ ആസ്ഥാനമായ ഹോട്ട്പാക്ക് ഗ്ലോബലിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹോട്ട്പാക്കിന്റെ 15-ാമത് ഫാക്ടറിയാണ് ഖത്തറിലേത്. 2030ഓടെ ആഗോള ഫുഡ് പാക്കേജിംഗ് രംഗത്ത് മുന്‍നിരയിലെത്തുകയെന്ന കമ്പനിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഖത്തറിലെ പുതിയ ഫാക്ടറി.
ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന നിര്‍മാണ പ്ലാന്റ് ഫോള്‍ഡിംഗ് കാര്‍ട്ടണുകള്‍, കോറഗേറ്റഡ് കാര്‍ട്ടണുകള്‍, പേപ്പര്‍ ബാഗുകള്‍, പേപ്പര്‍ കപ്പുകള്‍ എന്നിവയുള്‍പ്പെടെ ഹോട്ട്പാക്കിന്റെ പേപ്പര്‍ ഉത്പന്നങ്ങള്‍ക്കുള്ള അത്യാധുനിക ഫാക്ടറിയാണ്.
ലോകത്തിലെ ഏറ്റവും വലിയ പാക്കേജിംഗ് നിര്‍മ്മാതാക്കളായി മാറാനുള്ള പദ്ധതി പ്രകാരമുള്ള വിഷന്‍ 2030 കൈവരിക്കുന്നതിനുള്ള തങ്ങളുടെ ശ്രമത്തില്‍ സുപ്രധാനമായ ഒരു ചുവടുവെയ്പ്പാണ് ഖത്തറിലെ പ്ലാന്റെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി ബി അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. ഖത്തറില്‍ ഫാക്ടറി തുറക്കുന്നതോടെ ഖത്തര്‍ വിപണിക്കു പുറമേ ആഗോള ആവശ്യകതകളിലേക്കും സുസ്ഥിര ഭക്ഷ്യ പാക്കേജിംഗ് ആവശ്യങ്ങള്‍ക്കുള്ള പരിഹാരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഫാക്ടറിയിലെ ഉത്പാദനത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തീകരിച്ചതായി പി ബി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു. മടക്കാവുന്ന കാര്‍ട്ടണ്‍ ഉത്പാദനവും കോറഗേറ്റഡ് കാര്‍ട്ടണ്‍ ഉത്പാദനവുമാണ് ഖത്തറില്‍ ആരംഭിച്ചത്. പേപ്പര്‍ ബാഗുകളുടെയും പേപ്പര്‍ കപ്പുകളുടെയും നിര്‍മ്മാണ ഘട്ടത്തിന്റെ പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ പ്രവര്‍ത്തന ക്ഷമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഡില്‍ ഈസ്റ്റിലെ പാക്കേജിംഗ് പ്ലാന്റുകളില്‍ സാങ്കേതികമായി ഏറ്റവും നൂതനമായ മെഷീനുകളിലൊന്നാണ് ഖത്തര്‍ ഹോട്ട്പാക്ക് സൗകര്യപ്പെടുത്തിയിരിക്കുന്നത്. പേപ്പര്‍ ഉല്‍പ്പന്നങ്ങളുടെ കാര്യക്ഷമവും വിശ്വസനീയവുമായ നിര്‍മ്മാണം ഉറപ്പാക്കുന്നതിനോടൊപ്പം പാക്കേജിംഗ് പ്രവര്‍ത്തനങ്ങളില്‍ വന്‍ മികവുമാണ് പ്രതീക്ഷിക്കുന്നതെന്ന് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി ബി സൈനുദ്ധീന്‍ പറഞ്ഞു. വ്യാവസായിക നിക്ഷേപത്തിന് ആകര്‍ഷകമായ അന്തരീക്ഷമാണ് ഖത്തര്‍ പ്രദാനം ചെയ്യുന്നതെന്നും സുസ്ഥിര ഭക്ഷ്യ പാക്കേജിംഗ് ഉത്പന്നങ്ങളുടെ ഫാക്ടറികള്‍ രാജ്യത്ത് മുമ്പ് ഇല്ലാതിരുന്നതിനാല്‍ ഹോട്ട്പാക്കിന്റെ പുതിയ പ്ലാന്റിന് അനുയോജ്യമായ സ്ഥലമാണ് ഖത്തറെന്നും പി ബി സൈനുദ്ദീന്‍ പറഞ്ഞു. ഖത്തര്‍ സര്‍ക്കാര്‍ വ്യാവസായിക മേഖലയ്ക്ക് കാര്യമായ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫുഡ് പാക്കേജിംഗ് നിര്‍മ്മാണത്തില്‍ പതിറ്റാണ്ടുകളുടെ അനുഭവവും അറിവും ഉപയോഗിച്ച് സ്വയം സജ്ജമാക്കിയ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഉയര്‍ന്ന നിലവാരമുള്ള ജര്‍മ്മന്‍ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഫാക്ടറിയില്‍ സുഗമമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്ന മാനേജ്മെന്റ്, പ്രൊഡക്ഷന്‍, ലോജിസ്റ്റിക്സ് എന്നിവയിലെ പ്രൊഫഷണലുകളുടെ ടീമാണ് കൂടെയുള്ളത്.
ഹോട്ട്പാക്കിന്റെ സുസ്ഥിരതയോടുള്ള പ്രതിബദ്ധതയുടെയും മലിനീകരണം കുറയ്ക്കുന്നതിനുള്ള പരിസ്ഥിതി സൗഹൃദ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന പ്രതിജ്ഞയുടെയും ഭാഗമായി, ഭക്ഷ്യ അംഗീകൃതവും പരിസ്ഥിതി സൗഹൃദവുമായ അസംസ്‌കൃത വസ്തുക്കളും ഉപഭോഗവസ്തുക്കളുമാണ് കൈകാര്യം ചെയ്യുന്നത്. ഹോട്ട്പാക്ക് ഗ്ലോബല്‍ അതിന്റെ ആഗോള കാഴ്ചപ്പാടിന്റെ ഭാഗമായി ജി സി സിയിലുടനീളം മികച്ച നയമാണ് സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായി അടുത്തിടെ കമ്പനി അല്‍ ഹുറൈസ് പാക്കേജിംഗ് ഏറ്റെടുത്തു. ഉത്പാദന, ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലും കമ്പനി പുതിയ വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഈ വര്‍ഷം 27-ാം വാര്‍ഷികം ആഘോഷിച്ച ഹോട്ട്പാക്ക് ഗ്ലോബല്‍ നിലവില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പാക്കേജിംഗ് ഉത്പന്ന നിര്‍മ്മാതാക്കളാണ്. 3,500-ലധികം ഉല്‍പ്പന്നങ്ങളുള്ള ഹോട്ട്പാക്ക് പേപ്പര്‍, പ്ലാസ്റ്റിക്, അലുമിനിയം, മരം, ബയോഡീഗ്രേഡബിള്‍ മെറ്റീരിയലുകള്‍ എന്നിവയാണ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ലോകത്തിലെ 100-ലധികം രാജ്യങ്ങളിലേക്കാണ് കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. 14 രാജ്യങ്ങളില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന ഹോട്ട്പാക്ക് ഗ്ലോബലില്‍ 3,500 ജീവനക്കാരാണുള്ളത്. 25,000 അന്താരാഷ്ട്ര, പ്രാദേശിക ബ്രാന്‍ഡുകള്‍ക്കാണ് ഹോട്ട്പാക്ക് സേവനം നല്‍കുന്നത്.