ഖത്തര്‍ ദേശീയ ടീം ഇന്ന് മുതല്‍ ആസ്പയര്‍ സോണില്‍ പരിശീലനത്തിനിറങ്ങും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ദേശീയ ടീം ഇന്ന് മുതല്‍ ആസ്പയര്‍ സോണില്‍ പരിശീലനത്തിനിറങ്ങും. നവംബര്‍ 20 ന് അല്‍ ഖോറിലെ മനോഹരമായ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ ഇക്വഡോറിനെതിരായുള്ള ഉദ്ഘാടന മത്സരത്തിന്റെ മുന്നോടിയായി സ്‌പെയിനിലെ പരിശീലന ക്യാമ്പ് അവസാനിപ്പിച്ച് ഖത്തര്‍ ടീം ഇന്നലെയാണ് ഖത്തറില്‍ മടങ്ങിയെത്തിയത്.
ലോകകപ്പിന് മുമ്പ് വിദേശത്തുള്ള തയ്യാറെടുപ്പുകളുടെ അവസാന ഘട്ടമായി മാര്‍ബെല്ലയില്‍ 40 ദിവസത്തെ പരിശീലന ക്യാമ്പ് പൂര്‍ത്തിയാക്കിയാണ് ഖത്തര്‍ ടീം തിരിച്ചെത്തിയത്. അല്‍ അന്നാബിയുടെ ബേസ് ക്യാമ്പായ അല്‍ അസീസിയ ബോട്ടിക് ഹോട്ടലില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയുള്ള ആസ്പയര്‍ സോണ്‍ ട്രെയിനിംഗ് ഫെസിലിറ്റിയിലാണ് പരിശീലനം .
ഗ്രൂപ്പ് എയില്‍ സെനഗലിനെയും നെതര്‍ലാന്‍ഡിനെയും നേരിടേണ്ടതിനാല്‍ ഖത്തറിന്റെ ഇക്വഡോറിനെതിരെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരം ടീമിന് നിര്‍ണായകമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന 60,000 ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്നില്‍ സ്വന്തം മണ്ണില്‍ ചരിത്രം രചിക്കാനാണ് അല്‍ അന്നാബി കാത്തിരിക്കുന്നത്.
ആദ്യ മത്സരത്തിലെ മികച്ച പ്രകടനം ആഫ്രിക്കന്‍ ചാമ്പ്യന്‍മാരെയും യൂറോപ്യന്‍ വമ്പന്മാരെയും നേരിടുന്നതിന് മുമ്പ് തന്റെ ടീമിന് വലിയ ആത്മവിശ്വാസം നല്‍കുമെന്നാണ് കോച്ച് സാഞ്ചസ് കരുതുന്നത്.