Breaking News

മഅ്മൂറ പാര്‍ക്കില്‍ മരം നട്ട് ഇന്ത്യന്‍ അംബാസിഡറും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ നടപ്പാക്കുന്ന ഒരു മില്യണ്‍ മരം നടല്‍ പദ്ധതിയുമായി സഹകരിച്ച് മഅ്മൂറ പാര്‍ക്കില്‍ മരം നട്ട് ഇന്ത്യന്‍ അംബാസിഡറും ഇന്ത്യന്‍ കള്‍ചറല്‍ സെന്ററും രംഗത്തെത്തി. ഖത്തറിന്റെ അഭിമാന ഹരിത പദ്ധതില്‍ ഖത്തറിലെ ഏറ്റവും വലിയ വിദേശി സമൂഹം പങ്കെടുക്കുന്നത് ഏറെ പ്രാധാന്യത്തോടെയാണ് അധികൃതര്‍ നോക്കി കാണുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃതമഹോത്സവിന്റെ ഭാഗമായി പരിസ്ഥിതി ദിനാചരണത്തില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ 75 മരങ്ങള്‍ നട്ടുപിടിക്കുമെന്ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പരിസരത്തും വിവിധ സ്‌ക്കൂളുകളിലും മരം നട്ടാണ് ഐ.സി.സി. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണം സവിശേഷമാക്കിയത്.

പരിസ്ഥിതി കാമ്പയിനിന്റെ ഭാഗമായാണ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ളിക് പാര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ച് മഅ്മൂറ പാര്‍ക്കില്‍ ഇന്ന് മരം നട്ടത്. ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍, എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധനരാജ്, മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ളിക് പാര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹീം അല്‍ സാദ എന്നിവര്‍ മരം നടലില്‍ പങ്കാളികളായി.

ഇക്കോ സിസ്റ്റം പുനസ്ഥാപിക്കുന്നതിനും ഖത്തറില്‍ പച്ചപ്പ് പരത്തുന്നതിനുമുള്ള ശ്രമങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പൂര്‍ണസഹകരണണവും പങ്കാളിത്തവുമുണ്ടാകുമെന്ന് ചടങ്ങില്‍ സംസാരിക്കവേ അംബാസിഡര്‍ ഉറപ്പുനല്‍കി. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു മില്യണ്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള ശ്രമം ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍, വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹെബ്ബഗലു, ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ അനീഷ് ജോര്‍ജ് മാത്യൂ, അഫ്സല്‍ അബ്ദുല്‍ മജീദ്, സജീവ് സത്യശീലന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!