ഖത്തര്‍ ലോകകപ്പ്, സംഘാടനത്തിന്റെ മികച്ച മാതൃക : ജോസ് ഫിലിപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പ് സംഘാടനത്തിന്റെ മികച്ച മാതൃകയാണെന്നും ഭാവിയിലെ ലോകകപ്പ് സംഘാടകരും ഫിഫയും ഖത്തറില്‍ നിന്നും കുറേ നല്ല പാഠങ്ങള്‍ പകര്‍ത്തുമെന്നും ഖത്തറിലെ പ്രമുഖ മലയാളി സംരംഭകനും ഫിഫ 2022 വിന്റെ എല്ലാ മാച്ചുകള്‍ക്കും ടിക്കറ്റുകള്‍ സ്വന്തമാക്കി ശ്രദ്ധേയനുമായ ജോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ സെപ്രോടിക് സി.ഇ. ഒ യാണ് ജോസ് ഫിലിപ്പ്
1982 മുതല്‍ ഫിഫ ലോകകപ്പ് ടെലിവിഷനിലൂടെ കൃത്യമായി കാണാറുണ്ടായിരുന്നു. ഖത്തര്‍ ലോകകപ്പ് പോലെ മാന്യമായൊരു ലോകകപ്പ് ഫിഫയുടെ ചരിത്രത്തിലാദ്യമാണ് . റൗഡിസവും ഗുണ്ടായിസവുമൊന്നുമില്ലാതെ വളരെ മാന്യമായ വേഷവിതാനങ്ങളുമായി സ്റ്റേഡിയം നിറഞ്ഞ ആരാധകര്‍ കളിയാസ്വദിക്കുന്നത് കാണുമ്പോള്‍ മനസ് കുളിര്‍ക്കുകയും ഈ രാജ്യത്തോടുള്ള സ്‌നേഹാദരവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. കളിയാരംഭിച്ച് പത്ത് ദിവസം പിന്നിടുമ്പോഴും ഒരനിഷ്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തില്ല എന്നത് സംഘാടകര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് .
ഖത്തര്‍ 2022 ഫിഫയുടെ ചരിത്രത്തിലെ നാഴികകല്ലാകും. ലോകകപ്പിലെ ഖത്തര്‍ മാതൃക തീര്‍ച്ചയായും ചരിത്രം അടയാളപ്പെടുത്തുകയും പിന്തുടരുകയും ചെയ്യുമെന്ന് ജോസ്ഫിലിപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.
പരമാവധി മാച്ചുകള്‍ സ്റ്റേഡിയത്തില്‍ പോയി തന്നെ കാണുന്നുണ്ട്. സ്വന്തക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയൊത്തുള്ള കളികാണല്‍ മനസിനും ശരീരത്തിനും നല്‍കുന്ന ഉല്ലാസവും ആശ്വാസവും വളരെ വലുതാണന്ന് അദ്ദേഹം പറഞ്ഞു.