ഖത്തര്‍ ലോകകപ്പില്‍ വീണ്ടും അട്ടിമറി, പറങ്കിപടയെ തളച്ച് കൊറിയ, ജയിച്ച കൊറിയയും തോറ്റ പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍
റഷാദ് മുബാറക്
ദോഹ. ഖത്തര്‍ ലോകകപ്പില്‍ വീണ്ടും അട്ടിമറി. ഇന്നലെ വൈകുന്നേരം 6 മണിക്ക് എഡ്യൂക്കേഷണ്‍ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കൊറിയ ഞെട്ടിച്ചത്. ജയിച്ച കൊറിയയും തോറ്റ പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
കളിയുടെ അഞ്ചാം മിനിറ്റില്‍ റിക്കോര്‍ഡോ ഹോര്‍ട്ടയുടെ ഗോളില്‍ മുന്നിട്ടുനിന്ന പോര്‍ച്ചുഗലിന്റെ പ്രതിരോധം ഭേദിച്ച് കളിയുടെ ഇരുപത്തിയേഴാം മിനിറ്റില്‍ കിം യംഗ് ഗോന്‍ പല കുലുക്കിയതോടെ ഇരു ടീമുകളും സമനിലയില്‍ പൊരുതി കളിച്ചു. എന്നാല്‍ കളിയുടെ തൊണ്ണൂറാം മിനിറ്റില്‍ ഹീ ചാന്‍ ഹവാംഗ് ഒരിക്കല്‍ കൂടി പോര്‍ച്ചുഗലിന്റെ വല കുലുക്കിയാണ് വിജയം സ്വന്തമാക്കിയത്.
അല്‍ ജുനൂബ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഘാനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചെങ്കിലും ഉറുഗ്വായ്ക്ക് രണ്ടാം റൗണ്ടില്‍ കടക്കാനായില്ല.
ഗ്രൂപ്പ് എച്ചില്‍ നിന്നും 6 പോയന്റുകളോടെ പോര്‍ച്ചുഗലും 4 പോയന്റുകളോടെ കൊറിയയും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ഉറുഗ്വായ്ക്കും സൗത്ത് കൊറിയക്കും ഒരേ പോയന്റുകളായിരുന്നെങ്കിലും ഗോളുകളിലെ വ്യത്യാസമാണ് കൊറിയയെ മുന്നിലെത്തിച്ചത്.