ഫ്രാന്‍സ് – മൊറോക്കോ ആവേശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, ആരാധകര്‍ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലേക്കൊഴുകി തുടങ്ങി
അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫ്രാന്‍സ് – മൊറോക്കോ ആവേശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, ആരാധകര്‍ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലേക്കൊഴുകി തുടങ്ങി .
ഇന്നത്തെ മല്‍സര ടിക്കറ്റിന് വന്‍ ഡിമാന്റും സമ്മര്‍ദ്ധവുമുണ്ടായതായി സംഘാടകര്‍ വ്യക്തമാക്കി. യാതൊരു കാരണവശാലും ടിക്കറ്റില്ലാതെ സ്‌റ്റേഡിയത്തിലേക്ക് വരരുതെന്ന് സുപ്രീം കമ്മറ്റി ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു.
ഇന്ന് രാവിലെ മുതല്‍ തന്നെ മാച്ച് ടിക്കറ്റിനായി പലരും നെട്ടോട്ടമോടിയിരുന്നതായും എയര്‍പോര്‍ട്ടില്‍ വരെ ടിക്കറ്റുമന്വേഷിച്ച് എത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഫിഫ 2022 ലോകകപ്പ് ഖത്തറിലെ ഏറ്റവും ആവേശകരമായ മല്‍സരമാകും ഇന്ന് രാത്രി 10 മണിക്ക് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫ്രാന്‍സും മൊറോക്കോയും തമ്മിലുള്ള സെമി ഫൈനല്‍ മല്‍സരം.ചരിത്രം ആവര്‍ത്തിക്കുമോ അതോ ചരിത്രം കണക്കുചോദിക്കുമോ എന്നാണ് ഫുട്ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഫ്രാന്‍സ് വാഴുമോ അതോ വീഴുമോ എന്നപോലെ തന്നെ ഫ്രാന്‍സിന്റെ മുന്‍ അധിനിവേശത്തിന് ഇരയായ മൊറോക്കോ കണക്കു ചോദിക്കുമോ എന്നറിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മതിയാകും .