ഖത്തറില്‍ പൊതു പാര്‍ക്കുകള്‍, ഹരിത ഇടങ്ങള്‍ എന്നിവയില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പൊതു പാര്‍ക്കുകള്‍, ഹരിത ഇടങ്ങള്‍ എന്നിവയില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ്. ഖത്തറിലെ പൊതു പാര്‍ക്കുകളുടെ എണ്ണം 2010ല്‍ 56 ആയിരുന്നത് 2022ല്‍ 148 ആയി. 164 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് രേഖപ്പെടുത്തിയത്. പരിസ്ഥിതി സംരക്ഷണ രംഗത്തും സുസ്ഥിരത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും രാജ്യത്തിന്റെ ജാഗ്രതയും നിലപാടുമാണ് ഈ വളര്‍ച്ച അടയാളപ്പെടുത്തുന്നത്.
രാജ്യത്തെ ഹരിത ഇടങ്ങള്‍ 2010-ല്‍ ഏകദേശം 2.5 ദശലക്ഷം ചതുരശ്ര മീറ്ററില്‍ നിന്ന് 2022-ല്‍ 43 ദശലക്ഷം ചതുരശ്ര മീറ്ററായി വര്‍ദ്ധിച്ചു.ഹരിത പ്രദേശത്തിന്റെ പ്രതിശീര്‍ഷ വിഹിതം 2010ല്‍ ഒരു ചതുരശ്ര മീറ്ററില്‍ താഴെയായിരുന്നത് 16 മടങ്ങ് വര്‍ധിച്ച് 16 ചതുരശ്ര മീറ്ററായി ഉയര്‍ന്നു.
2019-ല്‍ ആരംഭിച്ച പ്ലാന്റ് എ മില്യണ്‍ ട്രീ പദ്ധതിയുടെ ഭാഗമായി ദശലക്ഷക്കണക്കിന് മരം നട്ടുപിടിപ്പിച്ചാണ് ഖത്തര്‍ പരിസ്ഥിതി രംഗത്ത് നാഴികക്കല്ല് സൃഷ്ടിച്ചത്.