ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനും പരിശീലകന്‍ ഫെലിക്സ് സാഞ്ചസും വേര്‍പിരിയുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: കഴിഞ്ഞ അഞ്ചര വര്‍ഷമായി ഖത്തര്‍ സീനിയര്‍ ദേശീയ ടീമിനെ നയിച്ച പരിശീലകന്‍ ഫെലിക്സ് സാഞ്ചസും
ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനും വേര്‍പിരിയുന്നു . ഡിസംബര്‍ 31-ന് അദ്ദേഹത്തിന്റെ കരാര്‍ അവസാനിക്കുന്നതോടെ ഒരു പുതിയ അധ്യായം ആരംഭിക്കുന്നതാകും ഗുണകരമെന്ന് സാഞ്ചസും ക്യുഎഫ്എയും സംയുക്തമായി തീരുമാനിച്ചതനുസരിച്ചാണ് വേര്‍ പിരിയുന്നത്.
ദേശീയ ടീമിന്റെ അടുത്ത ഘട്ടത്തെ നയിക്കാനുള്ള പുതിയ പരിശീലകനെ ക്യുഎഫ്എ ഉടന്‍ തീരുമാനിക്കും.
ക്യുഎഫ്എ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി സാഞ്ചസിന് ആത്മാര്‍ത്ഥമായ നന്ദി പറഞ്ഞു. ”ഫെലിക്‌സ് ഞങ്ങളുടെ പരിശീലകന്‍ മാത്രമല്ല, ഞങ്ങളുടെ സുഹൃത്തും കൂടിയാണ്. വര്‍ഷങ്ങളായി അദ്ദേഹം ഖത്തര്‍ ഫുട്‌ബോളില്‍ കൊണ്ടുവന്ന വിജയത്തിന് ഖത്തറിലെ ഫുട്‌ബോള്‍ കുടുംബം എന്നും നന്ദിയുള്ളവരായിരിക്കും. കോച്ച് ഫെലിക്സിന് എല്ലായ്‌പ്പോഴും ഞങ്ങളോടൊപ്പം ഒരു പ്രത്യേക സ്ഥാനമുണ്ടാകും, അദ്ദേഹം എപ്പോഴും ഖത്തറിനെ തന്റെ വീടായി കരുതുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ശൈഖ് ഹമദ് പറഞ്ഞു.
അല്‍ അന്നാബിയോടൊപ്പമുള്ള തന്റെ സേവനത്തില്‍ സന്തോഷം പ്രകടിപ്പിച്ച സാഞ്ചസ് പുതിയ അവസരങ്ങള്‍ പിന്തുടരാനുള്ള ആഗ്രഹവും പങ്കുവെച്ചു.