ഖത്തറില്‍ മഴ തുടരുന്നു, ജാഗ്രത നിര്‍ദേശവുമായി അധികൃതര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി അധികൃതര്‍ രംഗത്ത്. കാലാവസ്ഥാ സാഹചര്യങ്ങള്‍ പരിശോധിക്കുക, വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കുക, പെട്ടെന്നുളള ബ്രേക്കിംഗ് ഒഴിവാക്കുക, വെള്ളം കെട്ടിനില്‍ക്കുന്നത് നിരീക്ഷിക്കുക, വേഗത കുറയ്ക്കുക, വിന്‍ഡ് ഷീല്‍ഡ് വൈപ്പറുകള്‍ ഉപയോഗിക്കുക, വാഹന ഉപകരണങ്ങള്‍ രണ്ടുതവണ പരിശോധിക്കുക തുടങ്ങിയവയാണ് മഴയില്‍ സുരക്ഷിതമായി വാഹനമോടിക്കാന്‍ ആഭ്യന്തര മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍.
സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ഖത്തര്‍ മെറ്റീരിയോളജി വകുപ്പും ഇടിമിന്നല്‍ സമയത്ത് സുരക്ഷാ നുറുങ്ങുകള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍ഫോഗ്രാഫുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
ഇടിമിന്നലുള്ള സമയത്ത് വീടിനുള്ളില്‍ തന്നെ തുടരുക, തുറന്ന ജലാശയങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക, മേല്‍ക്കൂരയിലോ ഉയരമുള്ള മരങ്ങള്‍ക്കും വൈദ്യുത തൂണുകള്‍ക്കും സമീപം നില്‍ക്കുന്നത് ഒഴിവാക്കുക, കാറിനുള്ളിലായിരിക്കുമ്പോള്‍ ജനാലകള്‍ അടക്കുക തുടങ്ങിയവയാണ് വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍.