നാലാം ഗിന്നസ് റെക്കോര്‍ഡിന് ഖത്തറില്‍ ഓട്ടം പൂര്‍ത്തിയാക്കി ഇന്ത്യക്കാരി
ദോഹ: മൂന്ന് തവണ ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ ഇന്ത്യന്‍ അള്‍ട്രാ റണ്ണര്‍ സൂഫിയ സൂഫി ഖാന്‍ നാലാമതും ലോകറെക്കോര്‍ഡിനുള്ള ഖത്തര്‍ ഓട്ടം പൂര്‍ത്തിയാക്കി.
30 മണിക്കൂറും 34 മിനിറ്റും കൊണ്ടാണ് ‘റണ്‍ അക്രോസ് ഖത്തര്‍’ പൂര്‍ത്തിയാക്കിയത്. 200 കിലോമീറ്റര്‍ ദൂരമാണ് തെക്കു നിന്നും വടക്കോട്ടേക്ക് അള്‍ട്രാമാരത്തോണ്‍ ഓട്ടം പൂര്‍ത്തിയാക്കിയത്. അബു സംറയില്‍ നിന്ന് ആരംഭിച്ച ഓട്ടം പിറ്റേന്ന് ഉച്ചയ്ക്ക് അല്‍ റുവൈസിലെ സുലാല്‍ വെല്‍നസ് റിസോര്‍ട്ടിലാണ് സമാപിച്ചത്.
മറ്റൊരു ഗിന്നസ് ലോക റെക്കോര്‍ഡ് നേട്ടത്തോടൊപ്പം ഓട്ടം പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിനുള്ള അവബോധം വളര്‍ത്തുക എന്നതാണ് സൂഫിയയുടെ ലക്ഷ്യം. ലോകം കാല്‍നടയായി ചുറ്റിനടക്കുക എന്നത് തന്റെ സ്വപ്ന പര്യവേഷണമാണെന്നും അത് നിറവേറ്റാന്‍ സ്വയം തയ്യാറെടുക്കുകയാണെന്നും സൂഫിയ പറഞ്ഞു.
ഇന്ത്യയില്‍ ദീര്‍ഘദൂര ഓട്ടക്കാരിയാണ് 37-കാരിയായ സൂഫിയ. 2019-ല്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ച ഏറ്റവും വേഗതയേറിയ വനിത, 2021-ല്‍ ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍ റോഡ് റണ്‍ പൂര്‍ത്തിയാക്കിയ വനിത, 2022-ല്‍ മണാലി-ലേ ഹിമാലയന്‍ അള്‍ട്രാ റണ്‍ ചലഞ്ച് എന്നിവ പൂര്‍ത്തിയാക്കിയ വനിത എന്ന ലോക റെക്കോര്‍ഡുകള്‍ സൂഫിയയ്ക്കുണ്ട്.
ഗിന്നസ് ലോക റെക്കോര്‍ഡ് പരിശോധിച്ചുറപ്പിച്ചാല്‍ സൂഫിയയുടെ നാലാമത്തെ ഗിന്നസ് ലോക റെക്കോര്‍ഡ് കിരീടമാകും.