പ്രത്യേക വാഹന നമ്പര്‍ പ്ലേറ്റുകള്‍ക്കായുള്ള 13-ാമത് ഇലക്ട്രോണിക് ലേലം തുടങ്ങി, ജനുവരി 26 വ്യാഴാഴ്ച വരെ തുടരും
അമാനുല്ല വടക്കാങ്ങര
ദോഹ: മെട്രാഷ്2 ആപ്പ് വഴിയുള്ള പ്രത്യേക വാഹന നമ്പര്‍ പ്ലേറ്റുകള്‍ക്കായുള്ള 13-ാമത് ഇലക്ട്രോണിക് ലേലം ഇന്നലെ തുടങ്ങിതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.ലേലം 2023 ജനുവരി 26 വ്യാഴാഴ്ച രാത്രി 10 വരെ തുടരും. നിത്യവും രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെയാണ് ലേലം.
ഓരോ വിഭാഗത്തിനും വ്യത്യസ്ത ഇന്‍ഷുറന്‍സ് തുകകളോടെ പ്രത്യേക നമ്പര്‍ പ്ലേറ്റുകളെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളായി വിഭജിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
ആദ്യ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് 10,000 ഖത്തര്‍ റിയാല്‍ ആയിരിക്കും, രണ്ടാമത്തെ ഗ്രൂപ്പിന് 5,000 ഖത്തര്‍ റിയാല്‍ ആയിരിക്കും.
അവസാന കാല്‍മണിക്കൂറില്‍ ഉയര്‍ന്ന ലേലം നടന്നാല്‍, ആ നമ്പറിന് മാത്രം സമയം മറ്റൊരു കാല്‍മണിക്കൂറിലേക്ക് നീട്ടുമെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു. അവസാന ലേലത്തിന്റെ അവസാന കാല്‍ മണിക്കൂര്‍ വരെ ഈ പ്രക്രിയ തുടരും.
ലേലത്തിന് ലഭ്യമായ ഈ പ്രത്യേക നമ്പര്‍ പ്ലേറ്റുകളില്‍ ഖത്തര്‍ 2022 ലോകകപ്പ് ലോഗോ ഉണ്ടായിരിക്കില്ലെന്നും വകുപ്പ് വ്യക്തമാക്കി.