സ്വതന്ത്രവാദം കുടുംബ ഭദ്രത തകര്‍ക്കും : ക്യു.കെ. ഐ.സി പ്രൊഫഷണല്‍സ് ഫാമിലി മീറ്റ്
അമാനുല്ല വടക്കാങ്ങര
ദോഹ: സമൂഹത്തില്‍ പ്രചരിക്കുന്ന അധാര്‍മികതയും അരാചകത്വവും വ്യാപകമാകാന്‍ കാരണം അതിരുകളില്ലാത്ത സ്വതന്ത്രവാദമാണെന്നും അത് കുടുംബ ഭദ്രത തകര്‍ക്കുമെന്നും ക്യു കെ.ഐ.സി പ്രൊഫഷണല്‍ വിംഗ് സംഘടിപ്പിച്ച പ്രൊഫഷണല്‍സ് ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു.
നവ ലിബറല്‍ വാദങ്ങള്‍ നൂറ്റാണ്ടുകള്‍ കൊണ്ട് നാം കരഗതമാക്കിയ നവോത്ഥാന മുന്നേറ്റങ്ങളില്‍ നിന്ന് പിന്നോട്ട് വലിക്കുന്നതാണെന്ന് മുഖ്യാതിഥിയായി സംസാരിച്ച വിസ്ഡം സ്റ്റുഡന്റ്‌സ് പ്രസിഡന്റ് അര്‍ഷദ് അല്‍ ഹികമി ചൂണ്ടിക്കാട്ടി. മതനിരാസ പ്രവര്‍ത്തനങ്ങളിലേക്ക് സമൂഹത്തെയും യുവത്വത്തെയും നയിക്കാനുള്ള കൊണ്ട്പിടിച്ച ശ്രമങ്ങളിലാണ് പലരും. ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിച്ച് മുന്നോട്ട് പോകാനുള്ള ഉത്തരവാദിത്വം പ്രൊഫഷണല്‍സ് ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ നാനാവിഭാഗം ജനങ്ങള്‍ക്കുമുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
സമ്മേളനം റിയാദ മെഡിക്കല്‍ സെന്റര്‍ എം.ഡി ജംഷീര്‍ ഹംസ ഉദ്ഘാടനം ചെയ്തു. സ്വലാഹുദ്ധീന്‍ സ്വലാഹി, മുജീബ് റഹ്‌മാന്‍ മിശ്കാത്തി, ഉമര്‍ ഫൈസി, നിയാസ് കാവുങ്ങല്‍, ഡോ. അസീം മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ‘ലിറ്റില്‍ വിംഗ്‌സ്’ന് അസ്ലം കാളികാവ്, ജൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ബാലാവകാശ കമ്മീഷന്‍ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാര്‍ത്ഥി സംഗമം ആവശ്യപ്പെട്ടു.
രക്ഷിതാക്കളുടെയും അധ്യാപകരുടെയും സുരക്ഷാ വലയങ്ങളില്‍ നിന്ന് കുട്ടികളെ അടര്‍ത്തിയെടുത്ത് അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന ബാലാവകാശ കമ്മീഷന്റ സമീപനം പ്രതിഷേധാര്‍ഹമാണെന്നും കമ്മീഷന്‍ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും സമ്മേളനം കൂട്ടിചേര്‍ത്തു.
മുജീബ് റഹ്‌മാന്‍ മിശ്കാത്തി, മുഹമ്മദ് അസ്ലം, ഹസീബ് പി.കെ, അന്‍സാര്‍ ഇബ്‌നു ഉസ്മാന്‍ , തമീം ഇബ്‌നു സലീം എന്നിവര്‍ സംസാരിച്ചു.