തുര്‍ക്കിയിലും സിറിയയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തര്‍ അമീര്‍ 50 മില്യണ്‍ റിയാല്‍ സംഭാവന നല്‍കി
അമാനല്ല വടക്കാങ്ങര
ദോഹ: തുര്‍ക്കിയിലും സിറിയയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി, ഖത്തര്‍ ചാരിറ്റി, ഖത്തര്‍ അതോറിറ്റി ഫോര്‍ ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ്, ഖത്തര്‍ മീഡിയ കോര്‍പ്പറേഷന്‍ എന്നിവ ചേര്‍ന്ന് വെള്ളിയാഴ്ച ആരംഭിച്ച ‘ഔണ്‍ ആന്‍ഡ് സനദ്’ കാമ്പയിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി 50 മില്യണ്‍ റിയാല്‍ സംഭാവന നല്‍കി.
ഖത്തറിലെ കോര്‍പ്പറേറ്റ് ഓര്‍ഗനൈസേഷനുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും മികച്ച പിന്തുണ ലഭിച്ച ഈ കാമ്പെയ്നിന് ഇന്നലെ മാത്രം 168 മില്യണ്‍ റിയാലാണ് സമാഹരിച്ചത്.
ഖത്തര്‍ നാഷണല്‍ ബാങ്കും (ക്യുഎന്‍ബി) എന്‍ഡോവ്മെന്റ് മന്ത്രാലയവും (ഔഖാഫ്) 10 മില്യണ്‍ റിയാല്‍ വീതം സംഭാവന നല്‍കി.
ഉരീദൂ, ദോഹ ബാങ്ക്, ഗള്‍ഫ് എക്സ്ചേഞ്ച് എന്നിവ 1 മില്യണ്‍ റിയാല്‍ വീതം സംഭാവന നല്‍കി, അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ 900,000 റിയാല്‍ നല്‍കി.
പണവും സാധനങ്ങളും നല്‍കുന്ന സംഭാവനകള്‍ക്കായി സൂഖ് വാഖിഫ്, ആസ്പയര്‍ പാര്‍ക്ക്, കത്താറ എന്നിവിടങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള ഡൊണേഷന്‍ പോയിന്റുകളിലേക്ക് നിരവധി പൗരന്മാരും താമസക്കാരും കൂട്ടത്തോടെ ഒഴുകിയെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.