വായുവിന് പോലും സെസ്സ് ഏര്‍പ്പെടുത്താനുള്ള ഗവേഷണത്തിലാണ് ഇടതുസര്‍ക്കാര്‍ : അബ്ദുറബ്ബ്
അമാനുല്ല വചക്കാങ്ങര
ദോഹ : ജനങ്ങളുടെ മേല്‍ അധികഭാരം ചുമത്തി നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുകയും പെട്രോളിനും ഡീസലിനും സെസ്സ് ഏര്‍പ്പെടുത്തുകയും ചെയ്ത ഇടതുസര്‍ക്കാര്‍ വായുവിന് പോലും സെസ്സ് കൊണ്ടുവരാനുള്ള ഗവേഷണത്തിലാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ് ലിം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്.
ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി നല്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.കെഎംസിസി ഓഫീസില്‍ നടന്ന പരിപാടിയില്‍ കെഎംസിസി നേതാക്കളായ സലിം നാലകത്ത്, മുസ്തഫ ഹാജി, ഇസ്മായില്‍ ഹാജി മങ്കട, അലി മൊറയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ റഫീഖ് കൊണ്ടോട്ടി ഉപഹാരം കൈമാറി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വേങ്ങശ്ശേരി സ്വാഗതവും സെക്രട്ടറി മുഹമ്മദ് ലയിസ് കുനിയില്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായ മെഹബൂബ് നാലകത്ത് , അബ്ദുല്‍ മജീദ് പുറത്തൂര്‍ , ശരീഫ് വളാഞ്ചേരി, മുനീര്‍ പടര്ക്കടവ് തുടങ്ങിയവര്‍ നേതൃത്വം നല്കി.