ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള കായികദിനാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അമാനുല്ല വടക്കാങ്ങര
ദോഹ: മലര്‍വാടി ബാലസംഘം റയ്യാന്‍ സോണ്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയോടനുബന്ധിച്ച് ഖത്തര്‍ നാഷണല്‍ ഡേ ആഘോഷങ്ങള്‍ ഭിന്നശേഷിക്കാരോടൊപ്പം എന്ന തലക്കെട്ടോടെ നടത്തുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
ഖത്തറില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരായ എല്ലാവര്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തു പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. വിവിധങ്ങളായ മത്സരങ്ങള്‍, ആക്ടിവിറ്റികള്‍ എന്നിവയുണ്ടാവും. പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കിട്ടെടുത്ത് ബമ്പര്‍ സമ്മാനം നല്‍കുന്നതിന് പുറമെ എല്ലാ ഭിന്ന ശേഷിക്കാര്‍ക്കും സമ്മാനങ്ങള്‍, മെമെന്റോകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കും.
ഭിന്നശേഷിക്കാര്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും, ബന്ധുമിത്രാതികള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. അവര്‍ക്ക് വേണ്ടിയും പ്രത്യേക പരിപാടികളും മത്സരങ്ങളും ഉണ്ടാവും. അസീസിയയിലുള്ള ലോയിഡന്‍സ് അക്കാദമിയില്‍ സ്‌പോര്‍ട്‌സ് ഡേ ആയ 14 ന് ഉച്ചക്ക് രണ്ട് മണി മുതല്‍ പരിപാടികള്‍ ആരംഭിക്കും. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ.സലില്‍ ഹസ്സന്‍ കുട്ടികളും രക്ഷിതാക്കളുമായി സംവദിക്കും.
ഭിന്നശേഷിക്കാരായവര്‍ക്ക് വേണ്ടി നടത്തുന്ന ഇത്തരത്തിലുള്ള ഒരു പരിപാടി ഖത്തറില്‍ ആദ്യത്തേതായിരിക്കും എന്ന് സംഘാടക സമിതി കണ്‍വീനന്‍ സാജിദ് അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍
https://forms.gle/tcTaP6jbaE8PKUDYA എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് 55442789 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.