ദ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് മാസ്റ്റേഴ്സ് 2023 മാര്‍ച്ച് 10 മുതല്‍ 20 വരെ ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് മാസ്റ്റേഴ്സ് 2023 മാര്‍ച്ച് 10 മുതല്‍ 20 വരെ ഖത്തറിലെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മൊത്തം എട്ട് മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. ടൂര്‍ണമെന്റിന്റെ സമ്പൂര്‍ണ്ണ ഷെഡ്യൂളും മത്സരങ്ങളുമടക്കമുള്ള വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
ഇന്ത്യ മഹാരാജാസും ഏഷ്യ ലയണ്‍സും തമ്മില്‍ ഖത്തര്‍ പ്രാദേശിക സമയം വൈകുന്നേരം 5:30 ന് ആണ് ആദ്യ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മൊത്തത്തില്‍, എട്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.. എല്ലാ മത്സരങ്ങളും ഒരേ വേദിയിലാണ് നടക്കുക.
ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയണ്‍സ്, വേള്‍ഡ് ജയന്റ്‌സ് എന്നിങ്ങനെ 3 ടീമുകള്‍ ഉള്‍പ്പെടുന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് ഹൗസില്‍ നിന്നുള്ള അന്താരാഷ്ട്ര ലീഗാണ് ദ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് മാസ്റ്റേഴ്‌സ്. ഗൗതം ഗംഭീര്‍, ഇര്‍ഫാന്‍ പത്താന്‍, ഷാഹിദ് അഫ്രീദി,
ശുഐബ് അക്തര്‍, ബ്രെറ്റ് ലീ, ഷെയ്ന്‍ വാട്‌സണ്‍, ക്രിസ് ഗെയ്ല്‍, ലെന്‍ഡല്‍ സിമ്മണ്‍സ് തുടങ്ങി ക്രിക്കറ്റിലെ പല ഇതിഹാസ താരങ്ങളും ഈ ടൂര്‍ണമെന്റിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.