ഇശല്‍ ഗുരുവിന് ഖത്തര്‍ പ്രവാസ ലോകത്തിന്റെ സ്‌നേഹാദരം
അമാനുല്ല വടക്കാങ്ങര
ദോഹ : മാപ്പിളപാട്ടിന്റെ ഖ്യാതിയും യശസ്സും ഉയര്‍ത്തി പാട്ടെഴുത്തിന്റെ 5 പതിറ്റാണ്ടുകള്‍ പിന്നിടുന്ന സമകാലിക മാപ്പിള കവികളില്‍ ശ്രദ്ധേയനായ കവി ഒ.എം.കരുവാരക്കുണ്ടിന് ഖത്തര്‍ പ്രവാസ ലോകത്തിന്റെ സ്‌നേഹാദരം. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളിലെ നിറഞ്ഞ സദസ്സാണ് ഇശല്‍ ഗുരുവിന് ആദരമര്‍പ്പിച്ചത്.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാപ്പിളപ്പാട്ട് ലോകത്തെ സമ്പന്നമാക്കിയ മഹാ പ്രതിഭയെ ആദരിക്കുന്ന ഈ വേദി , ഏറെ മാതൃകപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തില്‍ അക്കാദമി അംഗങ്ങള്‍ ചേര്‍ന്ന് മാഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു .പാട്ടെഴുത്തിന്റെ വഴികളില്‍ പാരമ്പര്യ പാതകളെ കൈവിടരുതെന്നും , അതിലൂടെ മാപ്പിളപ്പാട്ടിന്റെ തനിമയും ,സംസ്‌കാരവും , വൈവിധ്യവും നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും മാഷിന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു .
ഏതൊരു പ്രതിഭയെയും അംഗീകരിക്കേണ്ടതും ആദരിക്കേണ്ടതും അവരുടെ ജീവിത കാലത്ത് തന്നെയാകണമെന്നും ഖത്തര്‍ പ്രവാസ ലോകത്തിന്റെ ഈ ആദരവ് മരണം വരെ മായാതെ സൂക്ഷിക്കുമെന്നും പറഞ്ഞു . ‘ഇശല്‍ വഴികളിലൂടെ ഒ.എം എന്ന ശീര്‍ഷകത്തില്‍ അക്കാദമിയുടെ ബാനറില്‍ ചെയര്‍മാന് മുഹ്സിന്‍ തളിക്കുളം സംവിധാനം ചെയ്യുന്ന ഡോക്യൂമെന്ററിയുടെ ലോഗോ പ്രകാശനം അക്കാദമി രക്ഷാധികാരികളും സ്‌പോണ്‍സര്‍മാരുമായ അല്‍ സുവൈദ് ഗ്രൂപ്പ് എം.ഡി ഡോ.വി.വി. ഹംസ, അല്‍ സുല്‍ത്താന്‍ മെഡിക്കല്‍സ് എം.ഡി ഡോ. അബ്ദുറഹ്മാന്‍ കരിഞ്ചോല തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു .
5 പതിറ്റാണ്ടുകള്‍ കൊണ്ട് എഴുതി തീര്‍ത്ത ഇശലിന്റെ മഹാ സാഗരങ്ങള്‍ക്ക് ദൃശ്യ ആവിഷ്‌കാരമൊരുക്കാന്‍ നിയോഗിതനായി എന്നത് വലിയ സൗഭാഗ്യമാണെന്ന് മുഹ്സിന്‍ പറഞ്ഞു .
അക്കാദമി കണ്‍വീനര്‍ ശംസുദ്ധീന്‍ സ്‌കൈ വേ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു . ഐ.സി.ബി.എഫ്. ആക്ടിംഗ് പസിഡന്റ് വിനോദ് നായര്‍ , മൃണാള്‍സന്‍ , ഷക്കീര്‍ അലി മുഹമ്മദ് , സാദിഖ്,ജനീസ് , നൗഫല്‍ , കെ.മുഹമ്മദ് ഈസ , ലോക കേരള സഭാ അംഗവും അക്കാദമി രക്ഷാധികാരിയുമായ അബ്ദു റൗഫ് കൊണ്ടോട്ടി ,അക്കാദമി സെക്രട്ടറി നവാസ് ഗുരുവായൂര്‍ , ട്രഷറര്‍ ബഷീര്‍ അമ്പലത്ത് വട്ടേക്കാട് ,മാപ്പിള കവി ജി.പി. കുഞ്ഞബ്ദുള്ള ചാലപ്പുറം തുടങ്ങിയവര്‍ ആശംസകള്‍ നേരുകയും ഉപഹാര വിതരണം നിര്‍വഹിക്കുകയും ചെയ്തു .
ഒ.എം. ന്റെ വരികള്‍ ഓളമിട്ടൊഴുക്കികൊണ്ട് മാപ്പിളപ്പാട്ട് നിരൂപകന്‍ ഷഫീര്‍ വാടാനപ്പള്ളി മാപ്പിളപ്പാട്ടിന്റെതീരങ്ങളിലേക്ക് ശ്രോതക്കളെയും കൂട്ടിയുള്ള യാത്ര സുന്ദരമാക്കി. റിയാസ് കരിയാട് , നസീബ് നിലമ്പൂര്‍ , ഹംദാന്‍ ഹംസ , അക്ബര്‍ ചാവക്കാട് , എല്‍ദോ ഏലിയാസ് , അജ്മല്‍ , അബു , ശിവ പ്രിയ , മൈഥിലി , ഹിബ , സുഹൈന , ലത്തീഷ ,മുഹ്സിന്‍ തളിക്കുളം എന്നിവര്‍ ചേര്‍ന്ന് ഒ.എം. മാഷിന്റെ തൂലികയില്‍ പിറന്ന ഗാനങ്ങള്‍ ആലപിച്ചു . ഷഫ്ന ഹംസയുടെ നേതൃത്വത്തില്‍ ഒപ്പനയും അരങ്ങേറി .
അക്കാദമി അംഗങ്ങളായ അലവി വയനാടന്‍ , ഷാഫി പി.സി. പാലം , ബദറുദ്ധീന്‍ , അഷ്റഫ് ഉസ്മാന്‍ , സിദ്ദിഖ് ചെറുവല്ലൂര്‍ , സിദ്ദിഖ് അകലാട് , ഷാജു തളിക്കുളം , റഫീഖ് കുട്ടമംഗലം , ഇര്‍ഫാന്‍ തിരൂര്‍ , ഷനീര്‍ എടശ്ശേരി , വാഹിദ് , അജ്മല്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു .
അക്കാദമി പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍ സ്വാഗതം പറഞ്ഞു