രാജ്യത്തെ 160 സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ നിന്നുള്ള 1600-ലധികം വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ സ്‌കൂള്‍സ് റോബോട്ടിക്സ് ചാമ്പ്യന്‍ഷിപ്പിന് ഉജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നൂതന കണ്ടുപിടുത്തങ്ങളും സംവിധാനങ്ങളും മാനവരാശിയുടെ ക്ഷേമത്തിനും പുരോഗതിക്കും പ്രയോജനപ്പെടുത്തുവാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കായിക യുവജന മന്ത്രാലയത്തിന് കീഴിലുള്ള ഖത്തര്‍ സയന്റിഫിക് ക്ലബ്ബ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സ്‌കൂള്‍സ് റോബോട്ടിക്സ് ചാമ്പ്യന്‍ഷിപ്പിന് ഉജ്വല തുടക്കം
ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ ഇന്നലെ ആരംഭിച്ച സ്‌കൂള്‍സ് റോബോട്ടിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ പതിനഞ്ചാമത് എഡിഷനില്‍ രാജ്യത്തെ 160 സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളെ പ്രതിനിധീകരിച്ച് 1600-ലധികം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
ഉദ്ഘാടനച്ചടങ്ങില്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. ഇബ്രാഹിം ബിന്‍ സാലിഹ് അല്‍-നുഐമി, കായിക-യുവജന വകുപ്പ് മന്ത്രിയുടെ ഉപദേഷ്ടാവ് അബ്ദുല്‍റഹ്മാന്‍ മുസല്ലം അല്‍-ദോസരി എന്നിവരും ഇരു മന്ത്രാലയങ്ങളിലെയും നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.