ഖത്തറില്‍ പ്രഥമ മെഗാ പാര്‍ക്ക് കാര്‍ണിവല്‍ ഏപ്രില്‍ 16 മുതല്‍ 30 വരെ
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പ്രഥമ മെഗാ പാര്‍ക്ക് കാര്‍ണിവല്‍ ഏപ്രില്‍ 16 മുതല്‍ 30 വരെ നടക്കും. ദോഹയിലെ അല്‍ ബിദ പാര്‍ക്കിലാണ് മെഗാ പാര്‍ക്ക് കാര്‍ണിവല്‍ നടക്കുക.

ഏപ്രില്‍ 16 മുതല്‍ 30 വരെ 15 ദിവസം നീണ്ടുനില്‍ക്കുന്ന കാര്‍ണിവലില്‍ നിരവധി വിനോദ പരിപാടികളും ലൈവ് ഷോകളും ഫുഡ് സ്റ്റാളുകളും ലൈവ് ഡി ജെ സെറ്റുകളും കുട്ടികള്‍ക്കായുള്ള പ്രത്യേക വിനോദ പരിപാടികളും കാര്‍ട്ടൂണ്‍ ഷോകളും ഗെയിമുകളും ഉണ്ടായിരിക്കുമെന്ന് സംഘാടകരായ ടോറോന്റോ ഇവന്റ് അറിയിച്ചു.
250 കമ്പനികള്‍ കാര്‍ണിവലില്‍ പങ്കെടുക്കുമെന്നും ഒരു ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായും പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. പാട്ടും ഡാന്‍സും അവതരിപ്പിക്കുന്ന മെഗാ പാര്‍ക്ക് തിയേറ്റര്‍ ആയിരിക്കും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.
റമദാന്‍ ദിവസങ്ങളില്‍ വൈകന്നേരം 7 മണി മുതല്‍ രാത്രി 12 മണി വരെയും പെരുന്നാള്‍ ദിനങ്ങളില്‍ വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഒരു മണി വരെയും ആയിരിക്കും കാര്‍ണിവല്‍ പ്രവര്‍ത്തന സമയം.
ഒക്ടോബര്‍ രണ്ട് മുതല്‍ മാര്‍ച്ച് 28 വരെ അല്‍ ബിദ പാര്‍ക്കില്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2023 ന് മുമ്പ് അല്‍ ബിദ പാര്‍ക്കില്‍ നടക്കുന്ന അവസാന പരിപാടിയായിരിക്കും മെഗാ പാര്‍ക്ക് കാര്‍ണിവല്‍.