ഖത്തറും ബഹറൈനും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനം
അമാനുല്ല വടക്കാങ്ങര
ദോഹ :നീണ്ട ഇടവേളക്കും പരാതികള്‍ക്കും ശേഷം ഖത്തറും ബഹറൈനും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനം .ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ തത്വങ്ങളും 1961ലെ വിയന്ന ഉടമ്പടിയുടെ വ്യവസ്ഥകളും അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ഖത്തര്‍-ബഹ്റൈന്‍ ഫോളോ-അപ്പ് കമ്മിറ്റി ബുധനാഴ്ച തീരുമാനിച്ചു. സൗദി അറേബ്യയിലെ റിയാദിലുള്ള ജിസിസി ജനറല്‍ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് ചേര്‍ന്ന ഫോളോ-അപ്പ് കമ്മിറ്റിയുടെ രണ്ടാം യോഗത്തിലാണ് തീരുമാനം.
ചര്‍ച്ചയില്‍ ഖത്തര്‍ പ്രതിനിധി സംഘത്തെ വിദേശകാര്യ സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് ബിന്‍ ഹസന്‍ അല്‍ ഹമ്മാദിയും ബഹ്റൈന്‍ പ്രതിനിധി സംഘത്തെ് വിദേശകാര്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ശൈഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫയുമാണ് നയിച്ചത്.
യോഗം അജണ്ടയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും സംയുക്ത നിയമ സമിതിയുടെയും സംയുക്ത സുരക്ഷാ സമിതിയുടെയും ആദ്യ യോഗത്തിന്റെ ഫലങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു.
ജിസിസി ചാര്‍ട്ടറിന് അനുസൃതമായി ഉഭയകക്ഷി ബന്ധം വികസിപ്പിക്കാനും ഗള്‍ഫ് ഏകീകരണവും ഐക്യവും വര്‍ദ്ധിപ്പിക്കാനുമുള്ള പരസ്പര ആഗ്രഹത്തില്‍ നിന്നാണ് ഈ നടപടി ഉണ്ടായതെന്ന് ഇരുപക്ഷവും സ്ഥിരീകരിച്ചു.
