ഭാരത സര്‍ക്കാരിന്റെ ഭാരത് സേവക് പുരസ്കാരം ഖത്തര്‍ പ്രവാസിക്ക്
ദോഹ: ഭാരത സര്‍ക്കാരിന്റെ ഭാരത് സേവക് പുരസ്കാരം ഖത്തര്‍ പ്രവാസിക്ക്. ഭാരത സര്‍ക്കാരിന്റെ കേന്ദ്ര പ്ലാനിംഗ് കമ്മീഷനു കീഴിലുള്ള ഭാരത് സേവക് സമാജ് ദേശീയ വികസന ഏജന്‍സിയുടെ സാമൂഹിക പ്രതിബന്ധതക്കുള്ള ഭാരത് സേവക് പുരസ്കാരം ഖത്തര്‍ പ്രവാസിയായ അബ്ദുല്‍ ജലീല്‍ എം. എം ന് ലഭിച്ചു.
സമൂഹത്തിലെ നാനാതുറകളില്‍ കഴിവ് തെളിയിച്ചവരെയും, നിസ്വാര്‍ത്ഥമായ സാമൂഹിക സേവനങ്ങള്‍ നടത്തുന്നവരെയും പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ബി.എസ്.എസ്. കേന്ദ്ര തലത്തില്‍ രാജ്യത്തിന്റെ വിത്യസ്ത ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന പുരസ്കാര സമര്‍പ്പണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് മലയാളികള്‍ക്കായി നടന്ന ചടങ്ങില്‍ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച അറുപതോളം പേരെ ആദരിച്ചു. അതില്‍ ഇന്ത്യയുടെ പുറത്ത് നിന്ന് പുരസ്കാരം ലഭിച്ച ഏക വ്യക്തിയാണ് അബ്ദുല്‍ ജലീല്‍.
കഴിഞ്ഞ 39 വര്‍ഷമായി പ്രവാസിയായ തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി അബ്ദുല്‍ ജലീല്‍ ഖത്തറിലെ ആരോഗ്യ രംഗത്തെ സര്‍ക്കാര്‍ സ്ഥാപനമായ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരത്ത് കവടിയാറില്‍ ഭാരത് സേവക് സമാജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ബി.എസ്.എസ്. ദേശീയ അധ്യക്ഷന്‍ ഡോക്ടര്‍ ബി.എസ്. ബാലചന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചത്.
സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) സജീവ പ്രവര്‍ത്തകനും റയാന് സോണ്‍ സംഘടനാ സെക്രട്ടറിയുമായ അബ്ദുല്‍ ജലീല്‍ വര്‍ഷങ്ങളായി ഖത്തറിലെ ഏറ്റവും വലിയ കുട്ടികളുടെ കൂട്ടായ്മയായ മലര്‍വാടി ബാലസംഘത്തിന്റെ നേതൃസ്ഥാനത്തുള്ള പ്രവര്‍ത്തനങ്ങളിലൂടെയും നിരവധി സാംസ്കാരിക, പ്രാദേശിക കൂട്ടായ്മകളിലൂടെയും ഖത്തറിലെ സാമൂഹിക, ജീവകാരുണ്യ രംഗങ്ങളിലെ നിറ സാന്നിധ്യമാണ്.