ഖത്തര്‍ ജനസംഖ്യയുടെ 97 ശതമാനം പേരും സോഷ്യല്‍ മീഡിയകളില്‍ സജീവമെന്ന് റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ജനസംഖ്യയുടെ 97 ശതമാനം പേരും സോഷ്യല്‍ മീഡിയകളില്‍ സജീവമെന്ന് റിപ്പോര്‍ട്ട്.
ഖത്തറിലെ 2.62 ദശലക്ഷം ആളുകള്‍ അഥവാ മൊത്തം ജനസംഖ്യയുടെ 96.8% പേര്‍ സജീവ സോഷ്യല്‍ മീഡിയ ഉപയോക്താക്കളാണെന്ന് ഓണ്‍ലൈന്‍ റഫറന്‍സ് ലൈബ്രറി ഡാറ്റാ റിപോര്‍ട്ടല്‍ വെളിപ്പെടുത്തി.
റിപ്പോര്‍ട്ട് അനുസരിച്ച്, 2023 ജനുവരിയില്‍ ഖത്തറില്‍ 2.68 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്റര്‍നെറ്റ് പെനട്രേഷന്‍ നിരക്ക് 99% ആയിരുന്നു.
2023 ന്റെ തുടക്കത്തില്‍ ഓഫ്ലൈനില്‍ തുടരുന്ന 1% ആളുകള്‍ മൊത്തം ജനസംഖ്യയുടെ 27100 വരും.
2023 ജനുവരിയില്‍ രാജ്യത്തെ മൊത്തം ഇന്റര്‍നെറ്റ് ഉപഭോക്തൃ അടിത്തറയുടെ 97.8 ശതമാനവും കുറഞ്ഞത് ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിച്ചിട്ടുണ്ടെന്ന് ഡാറ്റ റിപ്പോര്‍ട്ടല്‍ പ്രസ്താവിച്ചു.
യൂട്യൂബ് (2.62 ദശലക്ഷം ഉപയോക്താക്കള്‍), ടിക് ടോക്ക് (2.14 ദശലക്ഷം ഉപയോക്താക്കള്‍), ഫേസ്ബുക്ക് (1.95 ദശലക്ഷം), ഇന്‍സ്റ്റാഗ്രാം (1.40 ദശലക്ഷം), ലിങ്ക്ഡ്ഇന്‍ (1.20 ദശലക്ഷം), ട്വിറ്റര്‍ (1.05 ദശലക്ഷം), സ്‌നാപ്ചാറ്റ് (975,000) എന്നിങ്ങനെയാണ് ഖത്തറില്‍ താമസിക്കുന്ന ആളുകള്‍ കൂടുതലായി സന്ദര്‍ശിച്ച ഓണ്‍ലൈന്‍ സോഷ്യല്‍ പ്ലാറ്റ്ഫോമുകള്‍.