2027 ലെ ഫിബ ബാസ്‌ക്കറ്റ്ബോള്‍ ലോകകപ്പും ഖത്തറില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിലോകത്തെ ആഗോള മാമാങ്കമായ ഫിഫ 2022ലോകകപ്പിന്റെ ഐതിഹാസികമായ വിജയത്തിന്റെ അലയടികള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ 2027 ലെ ഫിബ ബാസ്‌ക്കറ്റ്ബോള്‍ ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള അവകാശം നേടി ഖത്തല്‍ കായിക ലോകത്ത് വിസ്മയമാകുന്നു.
കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷനായ ഫിബ 2027 ല്‍ നടക്കുന്ന ഫിബ ബാസ്‌ക്കറ്റ്ബോള്‍ ലോകകപ്പിന്റെ ആതിഥേയ രാജ്യമായി ഖത്തറിനെ തിരഞ്ഞെടുത്തത്. ഇതോടെ ഫുട്‌ബോള്‍ വേള്‍ഡ് കപ്പിനെപ്പോലെ ബാസ്‌ക്കറ്റ്ബോള്‍ ലോകകപ്പിനും ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ മിഡില്‍ ഈസ്റ്റ് – അറബ് രാജ്യമാവുകയാണ് ഖത്തര്‍. കളി നേരില്‍ കാണുന്നതിനായി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ബാസ്‌കറ്റ്ബാള്‍ ആരാധകര്‍ ഖത്തറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തര്‍ സമര്‍പ്പിച്ച ബിഡ്ഡും ഖത്തര്‍ നല്‍കുന്ന സൗകര്യങ്ങളും അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളില്‍ മതിപ്പുളവാക്കിയെന്ന് സംഘടന അറിയിച്ചു.
പങ്കെടുക്കാന്‍ സാധ്യതയുള്ള മിക്ക രാജ്യങ്ങളില്‍ നിന്നും ദോഹയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകള്‍ ഉണ്ട്. ഫിഫ ലോകകപ്പിനായി നവീകരിച്ച മെട്രോയും പൊതുഗതാഗത ശൃംഖലയും എല്ലാ വേദികളെയും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നതിനാല്‍ എല്ലാവര്‍ക്കും മികച്ച സേവനം നല്‍കാനാകും.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഫിബ ലോകകപ്പാണ് ദോഹയില്‍ നടക്കുക. ദോഹയിലെ വേദികള്‍ തമ്മിലുള്ള അകലം കുറവായതിനാന്‍ ആരാധകര്‍ക്ക് കൂടുതല്‍ ഗെയിമുകള്‍ നേരിട്ട് കാണാനും അവരുടെ ലോകകപ്പ് അനുഭവം ഇഷ്ടാനുസൃതമാക്കാനുള്ള ഒരു സവിശേഷ അവസരം ദോഹ സമ്മാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.