തമീം അല്‍ മജ്ദ്’ പെയിന്റിംഗിലൂടെ പ്രശസ്തനായ ഖത്തറി കലാകാരനായ അഹമ്മദ് ബിന്‍ മജീദ് അല്‍ മദീദിന്റെ പുതിയ ശില്‍പം സ്‌മൈല്‍ ദോഹ കോര്‍ണിഷില്‍ അനാച്ഛാദനം ചെയ്തു
അമാനുല്ല വടക്കാങ്ങര

ദോഹ: ‘തമീം അല്‍ മജ്ദ്’ പെയിന്റിംഗിലൂടെ പ്രശസ്തനായ ഖത്തറി കലാകാരനായ അഹമ്മദ് ബിന്‍ മജീദ് അല്‍ മദീദിന്റെ പുതിയ ശില്‍പം ദോഹ കോര്‍ണിഷില്‍ അനാച്ഛാദനം ചെയ്തു.
സ്മൈല്‍ എന്നെഴുതിയ ശില്‍പം പോസിറ്റിവിറ്റിയും ശുഭാപ്തിവിശ്വാസവും പ്രചരിപ്പിക്കുന്നതിനുള്ള ശ്രമമാണ്. ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയാണ് ശില്‍പം ഉദ്ഘാടനം ചെയ്തത്.
ശാന്തമായ കടല്‍ത്തീരത്തിന്റെ പശ്ചാത്തലത്തില്‍ ദോഹ കോര്‍ണിഷിലാണ് ശില്‍പം സ്ഥാപിച്ചിരിക്കുന്നത്. ഖത്തറിലെ പബ്ലിക് ആര്ട്ട് രംഗത്ത് മുതല്‍ക്കൂട്ടാണ് സ്മൈല്‍ ശില്‍പം.
‘പോസിറ്റിവിറ്റിയും ശുഭാപ്തിവിശ്വാസവും പ്രചരിപ്പിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്ന മദീദിന്റെ ‘സ്‌മൈല്‍’ ശില്‍പം ദോഹ കോര്‍ണിഷില്‍ അനാച്ഛാദനം ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് ഷെയ്ഖ അല്‍ മയാസ്സ ട്വീറ്റ് ചെയ്തു.
‘പുഞ്ചിരിയും സന്തോഷവും, സമാധാനത്തിന്റെയും സുസ്ഥിരതയുടെയും ബോധവും സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. മനുഷ്യരാശി കടന്നുപോകുന്ന ദുഷ്‌കരമായ ഈ ഘട്ടത്തില്‍ ശോഭനമായ ഒരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉണര്‍ത്താന്‍ കഴിയുന്ന ഒരു ചിഹ്നമോ കലാസൃഷ്ടിയോ സൃഷ്ടിക്കാനുള്ള ആശയത്തില്‍ നിന്നാണ് ‘സ്‌മൈല്‍’ ഉടലെടുത്തതെന്ന് അഹമ്മദ് ബിന്‍ മജീദ് പറഞ്ഞു.