ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് രജിസ്‌ട്രേഷന്‍ അവസാനിച്ചു
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ ഡോക്ടേഴ്‌സ് കൗണ്‍സിലുമായി സഹകരിച്ച് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി ഐ സി ) സംഘടിപ്പിക്കുന്ന പത്തൊന്‍പതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ പി.കെ. സിദ്ദീഖ് അറിയിച്ചു.
ഐന്‍ ഖാലിദിലെ ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്ററില്‍ ജൂണ്‍ 9 വെള്ളിയാഴ്ച രാവിലെ 7 മണിക്കാണ് ക്യാമ്പ് ആരംഭിക്കുക.
പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍ വാട്‌സാപ് വഴി അയക്കും.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നേത്ര പരിശോധന, ഓര്‍ത്തോപീഡിക് , ഫിസിയോ തെറാപ്പി, കാര്‍ഡിയോളജി, ഇ എന്‍ ടി തുടങ്ങിയവയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം ഇ.സി.ജി, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് , കൊളസ്‌ട്രോള്‍, യൂറിന്‍ പരിശോധന, ഓഡിയോമെട്രി, ഓറല്‍ ചെക്കപ്പ് തുടങ്ങിയ ക്ലിനിക്കല്‍ ടെസ്റ്റുകളും മരുന്നും സൗജന്യമാണ്.
ക്യാമ്പ് സന്ദര്‍ശിക്കുന്ന പൊതുജനങ്ങള്‍ക്ക് ഷുഗര്‍, കൊളസ്‌ട്രോള്‍ ടെസ്റ്റുകള്‍ക്കൊപ്പം കാഴ്ച, കേള്‍വി പരിശോധനകള്‍ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. ആരോഗ്യ ബോധവത്കരണ ക്ലാസുകളും രക്തദാനം, അവയവ ദാന രജിസ്‌ട്രേഷന്‍, കൗണ്‍സലിംഗ് എന്നിവക്കുള്ള അവസരവും ക്യാമ്പിലുണ്ടാവും.