തുടര്‍ച്ചയായി രണ്ട് അപ്പോയന്റ്‌മെന്റുകള്‍ നഷ്ടപ്പെടുത്തിയാല്‍ പിന്നീട് അപ്പോയന്റ്‌മെന്റുകള്‍ നല്‍കില്ല: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍
അമാനുല്ല വടക്കാങ്ങര
ദോഹ: തുടര്‍ച്ചയായി രണ്ട് അപ്പോയന്റ്‌മെന്റുകള്‍ നഷ്ടപ്പെടുത്തിയാല്‍ പിന്നീട് അപ്പോയന്റ്‌മെന്റുകള്‍ നല്‍കില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. അപ്പോയന്റ്‌മെന്റ് സ്ലോട്ടുകള്‍ സംരക്ഷിക്കുന്നതിനും മറ്റ് രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമായി തുടര്‍ച്ചയായി രണ്ട് തവണ മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ് നഷ്ടമായ രോഗികളുടെ അപ്പോയിന്റ്മെന്റ് റദ്ദാക്കാന്‍ പദ്ധതിയിട്ടതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
പേഷ്യന്റ് എക്‌സ്പീരിയന്‍സ് ആന്‍ഡ് സ്റ്റാഫ് എന്‍ഗേജ്മെന്റ് സെന്റര്‍ ഫോര്‍ ക്വാളിറ്റി ഡെപ്യൂട്ടി ചീഫും ഹമദ് ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ നാസര്‍ അല്‍ നഈമിയാണ് ഇക്കാര്യം അറിയിച്ചത്. ഈ പദ്ധതിയുടെ ആദ്യ ഘട്ടം സായാഹ്ന ക്ലിനിക്കുകളില്‍ നടപ്പിലാക്കുമെന്നും പിന്നീട് രാവിലെ ക്ലിനിക്കുകളില്‍ പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ പരിപാലന സംവിധാനത്തില്‍ വ്യാപകമായ മെഡിക്കല്‍ അപ്പോയിന്റ്മെന്റുകളിലെ 40% ഹാജരാകാത്തത് മറ്റ് രോഗികള്‍ക്ക് അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകള്‍ ലഭിക്കുന്നത് തടയുകയും സമയനഷ്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
അപ്പോയന്റ്‌മെന്റുകള്‍ ഗൗരവമായി കാണണമെന്നും എന്തെങ്കിലും കാരണവശാല്‍ നിലവിലുള്ള അപ്പോയന്റ്‌മെന്റുകളില്‍ ഹാജറാവാൈന്‍ കഴിയില്ലെങ്കില്‍ നേരത്തെ തന്നെ വിവരമറിയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എങ്കില്‍ മറ്റു രോഗികള്‍ക്ക് ആ സ്‌ളോട്ടുകള്‍ പ്രയോജനപ്പെടുത്താനാകും.