ഖത്തറിലെ കമ്പനികള്‍ക്കായുള്ള പരിസ്ഥിതി സുസ്ഥിരതാ സമ്മേളനം സെപ്റ്റംബര്‍ 12 ന്
ദോഹ: ഖത്തറിലെ കമ്പനികള്‍ക്കായുള്ള പരിസ്ഥിതി സുസ്ഥിരതാ സമ്മേളനം സെപ്റ്റംബര്‍ 12 ന് നടക്കും. അതോടൊപ്പം ”കോര്‍പ്പറേറ്റ് പാരിസ്ഥിതിക സുസ്ഥിരത – റിപ്പോര്‍ട്ടുകളും നേട്ടങ്ങളും” എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കുമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഖത്തറി കമ്പനികളുടെ പരിശ്രമങ്ങളും പാരിസ്ഥിതിക സുസ്ഥിരതയിലെ അവരുടെ നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടുന്ന ഇത്തരത്തിലുള്ള ആദ്യ പുസ്തകമായിരിക്കും ഇത്. ഈ മേഖലയിലെ ഖത്തര്‍ ഗവണ്‍മെന്റിന്റ ശ്രമങ്ങളിലേക്കും ഖത്തരി കമ്പനികളുടെ നേട്ടങ്ങളിലേക്കും സുസ്ഥിരതയെക്കുറിച്ചുള്ള അവരുടെ ധാരണകളിലേക്കും വെളിച്ചം വീശുന്നു.
പ്രോജക്ട് സ്‌പോണ്‍സര്‍ ചെയ്യുന്നത് ഹസാദ് ഫുഡ്സ് ആണ്. അബ്ദുല്ല അബ്ദുല്‍ ഗനി ആന്‍ഡ് ബ്രദേഴ്സ്, മവാനി ഖത്തര്‍, മുഷെയ്റബ് പ്രോപ്പര്‍ട്ടീസ്, ഖത്തര്‍ പ്രൈമറി മെറ്റീരിയല്‍സ് കമ്പനി എന്നിവര്‍ മുഖ്യ പ്രായോജകരും , ഷ്ഗാല്‍, ബലദ്ന, എന്‍വയോണ്‍മെന്റല്‍ സര്‍വീസസ്, ഗ്രീന്‍ എനര്‍ജി കമ്പനി എന്നിവ ഗോള്‍ഡ് സ്‌പോണ്‍സര്‍മാരുമാണ്.
വാര്‍ത്താസമ്മേളനത്തില്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയയിലെ പരിസ്ഥിതി വിദഗ്ധനും എന്‍ജിനീയറിങ് ഉപദേഷ്ടാവുമായ ഡോ. മുഹമ്മദ് സെയ്ഫ് അല്‍ കുവാരി, ക്യുപിഎംസി സിഇഒ അബ്ദുല്‍ അസീസ് ഇബ്രാഹിം അല്‍ തമീമി, അഷ്ഗാല്‍ സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി ഡയറക്ടര്‍ ഡോ. അലി മുഹമ്മദ് അല്‍ മറി, ഗ്രീന്‍ എനര്‍ജി സിഇഒ അമര്‍ ഹമീദ്, അബ്ദുല്ല അബ്ദുല്‍ ഗനി ആന്‍ഡ് ബ്രദേഴ്‌സ് (എഎബി) ഗവണ്‍മെന്റ് റിലേഷന്‍സ് & പബ്ലിക് അഫയേഴ്‌സ് ഡയറക്ടര്‍ ഡോ. എയ്മാന്‍ അല്‍ അന്‍സാരി തുടങ്ങിയവര്‍ സംബന്ധിച്ചു.