പത്താം ക്ലാസ് പരീക്ഷയെഴുതുന്നവര്‍ക്ക് ആനുപാതികാമയി പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുക – കള്‍ച്ചറല്‍ ഫോറം
ദോഹ : മലബാര്‍ മേഖലയിലെ എല്ലാ ഹൈസ്‌കൂളും ഹയര്‍ സെക്കണ്ടറിയായി അപ്‌ഗ്രേഡ് ചെയ്ത് പത്താം ക്ലാസ് ജയിക്കുന്നവര്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്ന് ദോഹയില്‍ ചേര്‍ന്ന പ്രവാസി സംഗമം ആവശ്യപ്പെട്ടു. താല്‍ക്കാലിക സീറ്റ് വര്‍ദ്ധനവിലൂടെ മേഖലയിലെ പ്ലസ് വണ്‍ ക്ലാസ് മുറികളെ വെറും ആള്‍ക്കൂട്ട കേന്ദ്രമാക്കി മാറ്റരുതെന്നും
മലബാറിനോടുള്ള വിദ്യഭ്യാസ മേഖലയിലെ അവഗണനക്കെതിരെ ‘ജയിച്ചിട്ടും സീറ്റില്ലാത്ത മലബാര്‍ എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച പ്രവാസി സദസ്സ് ആവശ്യപ്പെട്ടു.
മക്കള്‍ ഹൈസ്‌കൂള്‍ എത്തുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ബേജാറാണ്. ഉന്നത വിജയം നേടിയാലും മലബാറിലെ വലിയൊരു ശതമാനം കുട്ടികള്‍ പൊതു വിദ്യഭ്യാസ സംവിധാനത്തിന് പുറത്താവുകയാണ്. അതേ സമയം കേരളത്തിന്റെ ഒരു ഭാഗത്ത് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു. വര്‍ഷങ്ങളായി ഇതിന് പരിഹാരം കാണണമെന്ന മുറവിളി ഉയര്‍ന്നിട്ടും സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് സര്‍ക്കാറുകള്‍ മുടക്ക് ന്യായം പറയുകയാണ്. ഈ വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കാര്‍ത്തികേയന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ദേശിച്ച കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുക എന്ന പരിഹാരം ഉടന്‍ നടപ്പിലാക്കണമെന്നും പ്രവാസി സംഗമം ആവശ്യപ്പെട്ടു.
അദ്ധ്യയന വര്‍ഷാരംഭത്തില്‍ പ്രതിഷേധങ്ങല്‍ ഉയരുമ്പോള്‍ ഏതാനും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുക എന്ന കണ്ണില്‍ പൊടിയിടല്‍ ഇത്തവണയും തുടര്‍ന്നിരിക്കുകയാണ്. 40 പേര്‍ ഇരിക്കേണ്ട ക്ലാസില്‍ മലബാര്‍ മേഖലയിലെ പല സ്‌കൂളുകളിലും ഇതിനോടകം തന്നെ 65 വിദ്യാര്‍ത്ഥികളായി. തിങ്ങി നിറഞ്ഞ് ആള്‍ക്കൂട്ടമായി മാറിയ ക്ലാസ് റൂമില്‍ അദ്ധ്യാപകന് കുട്ടികളെ ശ്രദ്ധിക്കാനോ അവരെ നിയന്ത്രിക്കാനോ കഴിയില്ല, . ഈ ദുരവസ്ഥ സൃഷ്ടിച്ചതില്‍ മാറി മാറി ഭരണത്തിലേറുന്ന ഇരു മുന്നണികള്‍ക്കും പങ്കുണ്ട്. സംസ്ഥാനത്തിന്റെ ജനസംഖ്യയില്‍ നല്ല ശതമാനവും മുഖ്യ വരുമാന സ്രോതസ്സുകളിലൊന്നായ ഗള്‍ഫ് പണത്തിന്റെ ഏറിയ പങ്കും തരുന്ന മലബാറിനോടുള്ള ഈ അവഗണന അവസാനിപ്പിക്കേണ്ടതുണ്ട്. വിഭവങ്ങളുടെ തുല്യമായ വിതരണം എന്നത് ഭരണഘടന അനുശാസിക്കുന്നതാണ്. കടുത്ത മൗലികാവാശ ലംഘനമാണ് മലബാറിലെ കുട്ടികള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോളാണ് പ്രക്ഷോഭങ്ങള്‍ ഉണ്ടാവുന്നത്. പരിഹാരമുണ്ടാകുന്നത് വരെ ജനാധിപത്യപരമായി ഇതിനു വേണ്ടി ശബ്ദിച്ചു കൊണ്ടേയിരിക്കണമെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.
കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. സിജി ഖത്തര്‍ പ്രതിനിധീ ഫൈസല്‍ എ.കെ മുഖ്യ പ്രഭാഷണം നടത്തി. ഡോം ഖത്തര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഉസ്മാന്‍ കല്ലന്‍, കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ല കമ്മറ്റിയംഗം സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, സഹീര്‍ റഹ്മാന്‍ പൊന്നാനി തുടങ്ങിയവര്‍ സംസാരിച്ചു.
കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് എ.സി മുനീഷ് സമാപന പ്രസംഗം നടത്തി.
കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ഷുഐബ് അബ്ദുറഹ്മാന്‍ സ്വാഗതവും മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് പൊന്നാനി നന്ദിയും പറഞ്ഞു.