മരുഭൂമിയില്‍ കേരള വിളകള്‍ പരീക്ഷിച്ച് മലയാളി യുവാക്കള്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഊഷരമായ മരുഭൂമിയില്‍ കേരള വിളകള്‍ പരീക്ഷിച്ച് മലയാളി യുവാക്കള്‍. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിവിഷനിലെ പോലീസ് വര്‍ക് ഷോപ്പ് ജീവനക്കാരായ മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം ജംഗ്ഷന്‍ സ്വദേശി ദാവൂദ് നേതൃത്വത്തില്‍ നിദിന്‍ സന്ദേശ്, റിജോ തുടങ്ങിയ ഒരു പറ്റം യുവാക്കളാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തങ്ങളുടെ താമസ സ്ഥലത്ത് വിവിധ തരം കേരളവിളകള്‍ വിജയകരമായി കൃഷ് ചെയ്തത്. അവരുടെ താമസ സ്ഥലത്തെ കുലച്ച് നില്‍ക്കുന്ന വാഴ ആരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നതാണ് .

ബാച്ചിലര്‍ കൂട്ടായ്മ മൂന്നുവര്‍ഷം മുമ്പ് തുടങ്ങിയ ഈ ഹോബി കൂടുതല്‍ സജീവമായി മുന്നോട്ടുപോകുമ്പോള്‍ പ്രകൃതി സംരക്ഷണം ഉറപ്പാക്കുന്നതോടോപ്പം നല്ല വിളവുകള്‍ ഭക്ഷിക്കാനവസരമൊരുക്കുകയും ചെയ്യുന്നു. മനസ് വെച്ചാല്‍ എന്തിനും സമയം ലഭിക്കുമെന്നും കൃഷിയെ ഒരു ക്രിയാത്മകമായ ഹോബിയാക്കാമെന്നും ഈ ചെറുപ്പക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
നിത്യവും ജോലിക്ക് പോകുന്നതിന് മുമ്പും ജോലി കഴിഞ്ഞ് വന്ന ശേഷവും അല്‍പ നേരം തങ്ങളുടെ ചെടികളെയും വിളകളേയും പരിചരിക്കുവാന്‍ സമയം കണ്ടെത്തുന്ന ഈ മലയാളി ചെറുപ്പക്കാര്‍ ഏറെ സന്തോഷത്തോടെയാണ് ഈ സപര്യ തുടരുന്നത്.

പയര്‍ ,ചീര എന്നിവ ആയിരുന്നു തുടക്കം പിന്നീട് വാട്ടര്‍ മില്യണ്‍, മധുരക്കിഴങ്ങ്, വെള്ളരി, മത്തന്‍,വേപ്പില, മള്‍ബറി,വാഴ ചെറുനാരങ്ങ തുടങ്ങിയവയും കൃഷി ചെയ്തു തുടങ്ങി.

കപ്പ, ചേമ്പ് , ചേന എന്നിവയാണ് പുതിയ കൃഷികള്‍ .
മരുഭൂമിയുടെ പ്രത്യേക കാലാവസ്ഥയില്‍ ഓരോ സീസണും അനുയോജ്യമായ വിളകള്‍ പലതാണ്. അവ തിരിച്ചറിയുകയും ആവശ്യമായ സമയത്ത് വിളവിറക്കുകയും വേണം. മൊത്തത്തില്‍ വെള്ളമൊഴിച്ചും ആവശ്യമായ വളം ചേര്‍ത്തും പരിചരിച്ചാല്‍ നല്ല വിളവ് ലഭിക്കുമെന്നാണ് തങ്ങളുടെ അനുഭവമെന്ന് യുവാക്കള്‍ പറഞ്ഞു.