ഹരിതഗൃഹങ്ങള്‍ വേനല്‍ക്കാലത്ത് കാര്‍ഷികോത്പാദനം ഉറപ്പാക്കാന്‍ സഹായിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം കര്‍ഷകര്‍ക്ക് നല്‍കുന്ന ഹരിതഗൃഹങ്ങള്‍ വേനല്‍ക്കാലത്ത് കാര്‍ഷികോത്പാദനം ഉറപ്പാക്കാന്‍ സഹായിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പിലെ അഗ്രികള്‍ച്ചറല്‍ ഗൈഡന്‍സ് ആന്‍ഡ് സര്‍വീസസ് വിഭാഗം മേധാവി അഹമ്മദ് സാലം അല്‍ യാഫി പറഞ്ഞു. അല്‍ റയ്യാന്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഒരു സംരംഭത്തിന് കീഴില്‍, കര്‍ഷകര്‍ക്ക് അവരുടെ വര്‍ഗ്ഗീകരണത്തെ അടിസ്ഥാനമാക്കി സൗജന്യമായി ഹരിതഗൃഹങ്ങള്‍ വിതരണം ചെയ്യുന്നു. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും കാര്‍ഷിക സീസണ്‍ നീട്ടുന്നതിനുമായി കൃഷികാര്യ വകുപ്പ് നിരവധി സംരംഭങ്ങള്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
”പദ്ധതി പ്രകാരം, കൃഷികാര്യ വകുപ്പ് എല്ലാ ഉല്‍പ്പാദനക്ഷമമായ ഫാമിലും ഹരിതഗൃഹങ്ങള്‍ നല്‍കും. കാര്യക്ഷമതയും ഉല്‍പ്പാദന ശേഷിയും അനുസരിച്ച് ഫാമുകളെ എ, ബി, സി എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്,” അല്‍ യാഫി പറഞ്ഞു.
കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ഹരിതഗൃഹങ്ങള്‍ സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ”ഗുണഭോക്തൃ ഫാമുകള്‍ക്ക് കാര്‍ഷിക ഉല്‍പന്നങ്ങളും ലഭിക്കുന്നു. ഹരിതഗൃഹ സംരംഭത്തിന്റെ പ്രധാന നേട്ടം വേനല്‍ക്കാലത്ത് ഉല്‍പാദനം തുടരുന്നതിലൂടെ കാര്‍ഷിക സീസണ്‍ നീട്ടുന്നു എന്നതാണ്.
‘ഖത്തറില്‍ സാധാരണ ഗതിയില്‍ വേനല്‍ക്കാലത്ത് ഫാമുകള്‍ ഉത്പാദനം നിര്‍ത്തുന്നു, എന്നാല്‍ ഹരിതഗൃഹമുള്ളവര്‍ക്ക് ആ ദിവസങ്ങളിലും പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും,’ ഫാമുകളെ അപേക്ഷിച്ച് മികച്ച ഗുണനിലവാരമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഹരിതഗൃഹം ഉല്‍പ്പാദിപ്പിക്കുന്നുവെന്ന് അല്‍ യാഫെ പറഞ്ഞു.
”മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ മറ്റ് സംരംഭങ്ങളില്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക ഉല്‍പന്നങ്ങള്‍, വളങ്ങള്‍, ജലസേചന ശൃംഖലകള്‍ എന്നിവയുടെ വിതരണം ഉള്‍പ്പെടുന്നു,” അല്‍ യാഫി പറഞ്ഞു.
കാര്യക്ഷമമായ കൃഷിയെക്കുറിച്ച് കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശ സേവനങ്ങളും വകുപ്പ് നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
”മറ്റ് സംരംഭങ്ങള്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഗുണനിലവാരവും അളവും മെച്ചപ്പെടുത്തുകയും വിപണന പ്ലാറ്റ്ഫോമുകള്‍ നല്‍കുകയും ചെയ്യുന്നു. പച്ചപ്പുല്ല് ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഭൂഗര്‍ഭജലത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഒരു സംരംഭമുണ്ട്,’ അല്‍ യാഫി പറഞ്ഞു.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഹരിതഗൃഹങ്ങള്‍ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള 58 ശതമാനം ജോലികളും പൂര്‍ത്തിയായി, ഇത് ഏകദേശം 3,478 ഹരിതഗൃഹങ്ങള്‍ പ്രാദേശിക ഫാമുകളിലേക്ക് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമാണ്.
കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി 666 ഹെക്ടര്‍ സ്ഥലത്ത് ഹരിതഗൃഹങ്ങള്‍ സ്ഥാപിച്ചു.
ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിന് കര്‍ഷകര്‍ക്ക് പുതിയ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും നല്‍കി ഇറക്കുമതി ഉല്‍പ്പന്നങ്ങളുമായി മത്സരിക്കാന്‍ അവരെ പ്രാപ്തരാക്കിക്കൊണ്ട് കാര്‍ഷിക മേഖലയെ പരിഷ്‌കരിക്കാനാണ് മുനിസിപ്പാലിറ്റി മന്ത്രാലയം പദ്ധതിയിടുന്നത്.പ്രധാന വെല്ലുവിളികളിലൊന്നായ ജലക്ഷാമം പരിഹരിക്കുന്നതിന് പ്രാദേശിക ഫാമുകളെ കൂടുതല്‍ ജലക്ഷമതയുള്ള കാര്‍ഷിക സമ്പ്രദായം സ്വീകരിക്കാന്‍ സഹായിക്കാനാണ് പദ്ധതി