സന്ദര്‍ശകരെ സ്വീകരിക്കാനൊരുങ്ങി ദോഹ എക്സ്പോ 2023 വേദി
അമാനുല്ല വടക്കാങ്ങര
ദോഹ. ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ദോഹയില്‍ നടക്കുന്ന ദോഹ എക്സ്പോ 2023ന്റെ വേദി എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍ 2 നാണ് എക്‌സ്‌പോ ഔദ്യോഗികമായി ആരംഭിക്കുന്നതെങ്കിലും സെപ്തംബര്‍ പകുതിയോടെ തന്നെ സന്ദര്‍ശകരെ സ്വീകരിക്കാനാകുമെന്ന് എക്സ്പോ ഇന്റര്‍നാഷണല്‍ കോര്‍ഡിനേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഖാലിദ് അല്‍ സിന്ദി അഭിപ്രായപ്പെട്ടു.
മരുഭൂവല്‍ക്കരണം, ഹരിതപ്രദേശം, കൃഷിഭൂമി എന്നിവ വര്‍ധിപ്പിക്കുന്നതിലാണ് എക്സ്പോ ഊന്നല്‍ നല്‍കുക,” അല്‍-സിന്ദി പറഞ്ഞു, വിദ്യാഭ്യാസം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവയും കുറേ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പദ്ധതികളും ഉള്‍പ്പെടുന്ന എക്സിബിഷന്റെ അസാധാരണവും വിശിഷ്ടവുമായ പതിപ്പ് അവതരിപ്പിക്കാന്‍ ഖത്തര്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഐതിഹാസികമായ വിജയത്തിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 ലക്ഷത്തോളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന ഹോര്‍ട്ടികള്‍ചര്‍ എക്‌സ്‌പോ ഖത്തറിന്റെ തോപ്പിയില്‍ പുതിയ പൊന്‍തൂവലുകള്‍ തുന്നിച്ചേര്‍ക്കും.