ഭാരത് – ആസാദി കേ രംഗ് 2023 – ഐ.സി.ബി.എഫ് സ്വാതന്ത്ര്യദിന ആഘോഷത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം
ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 18 വെള്ളിയാഴ്ച വൈകിട്ട് ഐ.സി.സി അശോക ഹാളില്‍ ഐ.സി.ബി.എഫ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടി ‘ഭാരത് ആസാദി കേ രംഗ് 2023’ ന് ആവേശഭരിതമായ പ്രതികരണമായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ സ്മരണാര്‍ത്ഥം രൂപകല്‍പ്പന ചെയ്ത പരിപാടി, പങ്കെടുത്ത എല്ലാവരുടെയും ഹൃദയം കവര്‍ന്നു.
നിറഞ്ഞു കവിഞ്ഞ അശോക ഹാളില്‍, നില്‍ക്കാനുള്ള ഇടം പോലും ഇല്ലാത്ത രീതിയില്‍ സമ്പന്നമായ സദസ്സായിരുന്നു പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ചത്. വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നായി പങ്കെടുത്ത ഏതാണ്ട് മുന്നൂറോളം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ സാന്നിദ്ധ്യം ഈ പരിപാടിയെ തികച്ചും വ്യത്യസ്തമാക്കി. വിദൂര സ്ഥലങ്ങളായ റാസ് ലഫാന്‍, മിസൈദ്, ദുഖാന്‍, അല്‍ഖോര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ തുടങ്ങി വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ വന്‍ പങ്കാളിത്തം, ഐ.സി.ബി.എഫുമായുള്ള അവരുടെ ആഴത്തിലുള്ള ബന്ധവും നിരന്തരമായ ഇടപെടലുകളും പ്രതിഫലിപ്പിക്കുന്നതായിരുന്നു.
ഏതാണ്ട് മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന കലാപരിപാടികള്‍, ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകത്തിന്റെയും സമ്പന്നമായ വൈവിധ്യത്തിന്റെയും തെളിവായിരുന്നു.
ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഐ.സി.ബി. എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറും ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയുമായ ഡോ. വൈഭവ് തണ്ടാലെയും ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, അവധി ദിവസമായ വെള്ളിയാഴ്ച ആഘോഷം സംഘടിപ്പിക്കുക വഴി, താഴ്ന്ന വരുമാനക്കാരായ തൊഴിലാളി സഹോദരങ്ങള്‍ക്ക് ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം നല്കുകയാണ് ഐ.സി.ബി. എഫ് ചെയ്യുന്നത് എന്ന് എടുത്തു പറഞ്ഞു.
ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറിയും പ്രോഗ്രാം കണ്‍വീനറുമായ വര്‍ക്കി ബോബന്‍ സ്വാഗതവും സെക്രട്ടറി ടി.കെ.മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
ഐ.സി.സി പ്രസിഡന്റ് ഏ.പി.മണികണ്ഠന്‍, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുള്‍ റഹ്‌മാന്‍, പ്രവാസി ഭാരതി സമ്മാന്‍ അവാര്‍ഡ് ജേതാവ് ഹസ്സന്‍ ചൗഗ്ലെ അടക്കമുള്ള കമ്മ്യൂണിറ്റി നേതാക്കളും, ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങ് സമ്പന്നമാക്കി. ആഘോഷ പരിപാടികളുടെ വിജയത്തിനായി സഹകരിച്ച സ്‌പോണ്‍സര്‍മാര്‍മാരെയും, കലാപരിപാടികള്‍ അവതരിപ്പിച്ച സംഘടനകളെയും വ്യക്തികളെയും അംബാസ്സിഡര്‍ മെമന്റോകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ വര്‍ക്കി ബോബന്റെ നേതൃത്വത്തില്‍ ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ടി.കെ. മുഹമ്മദ് കുഞ്ഞി, കുല്‍ദീപ് കൗര്‍ ബഹല്‍, സെറീന അഹദ്, സമീര്‍ അഹമ്മദ്, ശങ്കര്‍ ഗൗഡ്, കുല്‍വീന്ദര്‍ സിംഗ്, അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, ഹമീദ് റാസ, ഉപദേശക സമിതി ചെയര്‍മാന്‍ എസ്.എ.എം.ബഷീര്‍, അംഗങ്ങളായ ഹരീഷ് കാഞ്ഞാണി, അരുണ്‍ കുമാര്‍, ശശിധര്‍ ഹെബ്ബാള്‍, ടി.രാമശെല്‍വം തുടങ്ങിയവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.
ഐ.എസ്.സി സെക്രട്ടറി പ്രദീപ് പിളളയുടെ നേതൃത്വത്തിലുള്ള ടീം എകോപിപ്പിച്ച കലാപരിപാടികള്‍, പങ്കെടുത്തവരില്‍ ചിലര്‍ സൂചിപ്പിച്ചതു പോലെ, ഭാരതത്തിന്റെ മഹത്തായ പാരമ്പര്യവും നാനാത്വത്തിലെ ഏകത്വവും പ്രകടമാക്കുന്നതായിരുന്നു.