‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന പുസ്തകം അടയാളം ഖത്തര്‍ ചര്‍ച്ച ചെയ്തു
ദോഹ. ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍ എന്ന പുസ്തകം അടയാളം ഖത്തര്‍ ചര്‍ച്ച ചെയ്തു. ആഗസ്ത് 25നു വൈകുന്നേരം കലാക്ഷേത്രയില്‍ നടന്ന പരിപാടിയിലാണഅ സുധ മേനോന്റെ ”ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍” എന്ന പുസ്തകം അടയാളം ഖത്തര്‍ ചര്‍ച്ച ചെയ്തത്. വര്‍ഗീസ് വര്‍ഗീസ്, മിഥിലാജ് എന്നിവര്‍ പുസ്തകത്തെ അപഗ്രഥിച്ചു കൊണ്ട് സംസാരിച്ചു. ചരിത്രമെന്നാല്‍ രാജ്യവും രാജ്യാതിര്‍ത്തിയും രാജാവും പ്രധാനമന്ത്രിയും പ്രസിഡന്റും യുദ്ധവും യുദ്ധത്തില്‍ ജയിക്കുന്നവനും തോല്‍ക്കുന്നവനും മാത്രമായിരിക്കുന്നിടത്ത് ജനതയുടെ ചരിത്രം പറയുന്ന പുസ്തകമാണ് ”ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍”. യുദ്ധം, തീവ്രവാദം, മത പൗരോഹിത്യ ഇടപെടലുകള്‍, ഫ്യൂഡലിസം, പ്രകൃതിദുരന്തങ്ങള്‍, കോര്‍പ്പറേറ്റ് കടന്നുകയറ്റങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ഥ കാരണങ്ങളാല്‍ ജീവിതം ദുരിതത്തിലാകുന്ന ശ്രീലങ്ക അഫ്ഘാനിസ്ഥാന്‍, നേപ്പാള്‍, പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, ഇന്ത്യ എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ചരിത്രമാണ് ”ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍” രേഖപ്പെടുത്തുന്നത് എന്ന് മുഖ്യ അവതരണം നടത്തിയ വര്‍ഗീസും മിഥിലാജും പറഞ്ഞു. അപരവിദ്വേഷം പ്രചരിപ്പിക്കപ്പെടുന്ന, ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ പുസ്തകത്തിന്റെ വായന വളരെ പ്രസക്തമാണ്. സമൂഹത്തെ ജനാധിപത്യത്തിലേയ്ക്ക് നയിക്കാനും അപരവിദ്വേഷം പ്രചരിപ്പിക്കപ്പെടുന്ന സമകാലീന ഇന്ത്യന്‍ അവസ്ഥയില്‍ പ്രതിരോധം തീര്‍ക്കാനും ഇത്തരം പുസ്തകങ്ങളുടെ ചര്‍ച്ച ഉപകരിക്കട്ടെ എന്ന് വര്‍ഗീസ് കൂട്ടിചേര്‍ത്തു.
സിദിഹ, ശ്രീകല ഉദയകുമാര്‍, അരുണ്‍, ആഷിക് കടവില്‍, ഷംന ആസ്മി എന്നിവര്‍ പുസ്തകത്തിലെ ഓരോ അധ്യായങ്ങള്‍ അധികരിച്ച് സംസാരിച്ചു.
ചര്‍ച്ച നിയന്ത്രിച്ചത് പ്രദോഷ് ആണ്. മുര്‍ഷിദ് സ്വാഗതവും അന്‍സാര്‍ അരിമ്പ്ര നന്ദിയും പറഞ്ഞു.