വിമര്‍ശകരുടെ ലക്ഷ്യം സംശയം ജനിപ്പിക്കല്‍: ഡോ. ഹുസൈന്‍ മടവൂര്‍

ദോഹ. മത വിശ്വാസികള്‍ക്കിടയില്‍, വിശിഷ്യ മുസ് ലിം യുവതയെ ഫോക്കസ് ചെയ്തു നിരന്തരം ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുക എന്ന നവനാസ്തിക തന്ത്രമാണ് ഇന്ന് ഇസ് ലാം വിമര്‍ശകര്‍ മുസ് ലിംകള്‍ക്കെതിരില്‍ പ്രയോഗിക്കുന്നതന്ന് കെ.എന്‍.എം. ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു.
ലൗ ജിഹാദ്, ഹലാല്‍ ഭക്ഷണം, തീവ്രവാദം, ശൈശവ വിവാഹം, ബഹുഭാര്യത്വം, അനന്തരാവകാശം തുടങ്ങി മുസ് ലിം യുവാക്കളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ഓരോ വെല്ലുവിളിയും അതാത് സമയങ്ങളില്‍ തന്നെ കൃത്യമായി നേരിടാനും, അതെല്ലാം ഓരോ അവസരമായി ഉപയോഗിക്കാനും മുസ് ലിം സംഘടിത നേതൃത്വത്തിന് സാധിച്ചു എന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. മുസ് ലിം ജനസാമാന്യത്തെ ഇത്തരം വിഷയങ്ങളില്‍ ബോധവന്മാരാക്കാന്‍ സാധിക്കുക എന്നത് മാത്രമല്ല ആരോപണങ്ങള്‍ക്ക് ഒന്നിനും നിലനില്‍പ്പില്ലാത്ത വിധം ഇസ് ലാമിന്റെ അജയ്യത പൊതുവെ അംഗീകരിക്കപ്പെടുന്ന സ്ഥിതി വിശേഷമാണ് സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഓരോ വിവാദവും അല്‍പായുസ്സില്‍ കെട്ടടങ്ങിപ്പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ ഇസ് ലാഹീ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മടവൂര്‍. മക്കയിലും മൊറോക്കൊയിലും നടന്ന രണ്ട് ആഗോള ഇസ് ലാമിക ഉച്ചകോടികളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് തിരിച്ചു വരും വഴി ഖത്തറില്‍ കിട്ടിയ ഇടവേളയിലാണ് അദ്ദേഹം ഇസ്ലാഹി, എംജിഎം പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയത്. വിഷയങ്ങളില്‍ പക്വമായി ഇടപെടുന്ന രീതിയാണ് കെഎന്‍എം സ്വീകരിക്കുന്നതെന്നും അതാണ് ആത്യന്തികമായി ഗുണം ചെയ്യുകയെന്നും അംഗങ്ങളോടൊത്തുള്ള സൗഹൃദ സംവേദനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ലക്ത ആസ്ഥാനത്ത് ചേര്‍ന്ന പ്രവര്‍ത്തക സംഗമത്തില്‍ പ്രസിഡണ്ട് അക്ബര്‍ ഖാസിം അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ സലഫി സ്വാഗതവുംസെക്രട്ടറി മഅറൂഫ് മാട്ടൂല്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് ഹാഫിസ് അസ് ലം അടുത്ത മൂന്നുമാസത്തെ പ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു.