ഖത്തര്‍ സംസ്‌കൃതി ഓണോല്‍സവം 2023 ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രവാസ ഭൂമികയിലെ ഓണരവങ്ങളില്‍ വേറിട്ട കാഴ്ചകള്‍ക്ക് സാക്ഷ്യമൊരുക്കി പേള്‍ പോഡാര്‍ സ്‌കൂളില്‍ ഖത്തര്‍ സംസ്‌കൃതി സംഘടിപ്പിച്ച ഓണോല്‍സവം 2023 ശ്രദ്ധേയമായി.
കലവറയില്‍ 2000 ത്തോളം പേര്‍ക്ക് സദ്യയും രുചിക്കൂട്ടൊരുക്കാന്‍ നൂറോളം സന്നദ്ധ പ്രവര്‍ത്തകരും സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും സവിശേഷമായ അന്തരീക്ഷം തീര്‍ത്തപ്പോള്‍ പാട്ടും കളികളും ഓണാഘോഷം അവിസ്മരണീയമാക്കി.
വേദിക്കപ്പുറം ആവേശങ്ങള്‍ക്ക് ഉശിരോടെ നാടന്‍ കായിക കളികള്‍ , വലിച്ചിട്ടും വലിച്ചിട്ടും വാശിയടങ്ങാത്ത കമ്പവലിയില്‍ പൊരുതി ജയിച്ചവര്‍ക്ക് അതൊരു മല്‍സരമായിരുന്നില്ല ഐക്യത്തിന്റെ കൊമ്പ് കോര്‍ക്കലായി പര്യവസാനിച്ചു.ദൃശ്യ വിസ്മയങ്ങളുടെ വേദിയില്‍ ഓണപാട്ടിന്റെ മൊഞ്ചുമായി ഖത്തറിലെ പാട്ടുകാര്‍ എല്ലാം ഓണാഘോഷത്തെ വേറിട്ടതാക്കി.
ഖത്തര്‍ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ തിരിതെളിയിച്ച സംസ്‌കാരിക പരിപാടിയും, തുടര്‍ന്ന് നടന്ന സംസ്‌കാരികേളിയുടെ തനിമ പകര്‍ന്ന ഘോഷയാത്രയില്‍ പുലിക്കളി, കുമ്മാട്ടി, തെയ്യം , ചെണ്ടമേളം, കാവടിയാട്ടം, നാദസ്വരം , ഓണത്തപ്പന്‍, വഞ്ചിപ്പാട്ട് എന്നീ കലാരൂപങ്ങള്‍ ദോഹയില്‍ പുനരാവിഷ്‌ക്കാരം തീര്‍ത്ത് തമര്‍ക്കുമ്പോള്‍ നാട്ടോണം ഓര്‍മ്മപ്പെടുത്തുകയായിരുന്നു. ഓണചമയങ്ങള്‍ക്ക് ഹരം പകര്‍ന്ന് വേദിയില്‍ ഒരുക്കിയ ആനയും വെഞ്ചാമരങ്ങളും എല്ലാറ്റിനും സാക്ഷിയായ മാവേലി രൂപവും അരങ്ങത്തെ നിറകാഴ്ചയായിരുന്നു.
നാട്ടോണങ്ങള്‍ക്ക് ഹരം പകരുന്ന ലേലം. വാഴക്കുലയും , നാടന്‍ കോഴിയും , താറാവും അരങ്ങില്‍ ലേല വസ്തുകാഴ്ചക്കായി ചമഞ്ഞപ്പോള്‍ സംസ്‌കൃതി ഭാരവാഹികളും, പ്രവര്‍ത്തകരും വീറും വാശിയോടെ ലേലത്തിന്റെ ഭാഗമായത് നാട്ടുകാഴ്ചയുടെ നാടന്‍ ചീന്തുകളായിരുന്നു.
സംസ്‌കൃതി കലാകാരന്മാരും പ്രവര്‍ത്തകരും തങ്ങളുടെ അക്ഷീണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പേള്‍ പോഡാര്‍ സ്‌കുളില്‍ ഒരുക്കിയ ഓണോല്‍സവം എല്ലാ അര്‍ഥത്തിലും അവിസ്മരണീയമാക്കുകയായിരുന്നു