Uncategorized

യൂത്ത്‌ഫോറം എക്‌സ്പാര്‍ട്ടിന് ഉജ്വല തുടക്കം

ദോഹ: യൂത്ത് ഫോറം ഖത്തര്‍ പ്രവാസികള്‍ക്കായി സംഘടിപ്പിക്കുന്ന കലാമേള എക്‌സ്പാര്‍ട്ട് 2023 ന് തുടക്കമായി.എക്‌സ്പാര്‍ട്ട് ചെയര്‍മാനും യൂത്ത്‌ഫോറം പ്രസിഡണ്ടുമായ എസ്. എസ്. മുസ്തഫ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രവാസ യൗവനത്തിന്റെ കരുത്തും ശേഷിയും സമൂഹ നന്മക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന യൂത്ത് ഫോറത്തിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് എക്‌സ്പാര്‍ട്ട് പ്രവാസികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതെന്നും വിഭാഗീയതയും വംശീയ വിവേചനവും അതിരു നിര്‍ണയിക്കുന്ന കാലത്ത് കലാ കഴിവുകളെ പരിപോഷിപ്പിച്ച് സര്‍ഗാത്മകമായി അവയെ പ്രതിരോധിക്കാന്‍ എക്‌സ്പാര്‍ട്ട് 2023 സഹായകമാകുമെന്നും അദ്ദേഹം ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി അബ്‌സല്‍ അബ്ദൂട്ടി, വൈസ് പ്രസിഡന്റുമാരായ അസ് ലം കെ.എ, അസ് ലം തൗഫീഖ് എം.ഐ, ഫിനാന്‍സ് സെക്രട്ടറി സുഹൈല്‍ അബ്ദുല്ല, സെക്രട്ടറി ഹബീബ് റഹ്‌മാന്‍, എക്‌സ്പാര്‍ട്ട് ജനറല്‍ കണ്‍വീനര്‍ ജസീം സി.കെ, കണ്‍വീനര്‍മാരായ അലി അജ്മല്‍, റബീഅ് സമാന്‍, നജീബ് താരി, യൂത്ത്‌ഫോറം കേന്ദ്ര സമിതിയംഗങ്ങളായ അഹ്‌മ്മദ് അന്‍വര്‍, മുഫീദ് ഹനീഫ, ശുഐബ് കൊച്ചി, ഓര്‍ഗ്ഗനൈസിംഗ് കമ്മറ്റിയംഗങ്ങളായ മുഹ്സിന്‍ കാപ്പാടന്‍, മുഹ്‌സിന്‍ മുഹമ്മദ്, മുഹമ്മദ് ടി.എ.കെ, അസ്ജദ് അലി, അബൂസ് പട്ടാമ്പി തുടങ്ങിയവര്‍ സംബന്ധിച്ചു.

കഥാരചന, കവിതാരചന, കാര്‍ട്ടൂണ്‍, കാലിഗ്രഫി,ചിത്രരചന തുടങ്ങിയ സ്റ്റേജിതര മത്സര ഇനങ്ങളാണ് ആദ്യ ദിവസങ്ങളില്‍ അരങ്ങേറിയത്. മോണോ ആക്ട്, പദ്യം ചൊല്ലല്‍, മാപ്പിളപ്പാട്ട്, പ്രസംഗം, മിമിക്രി തുടങ്ങിയ വ്യക്തി ഇനങ്ങളിലും നാടന്‍പാട്ട്, സ്‌കിറ്റ്, സംഘഗാനം, മൈമിങ് തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലുമുള്ള മത്സരങ്ങള്‍ ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാവിലെ മുതല്‍ നടക്കും.

ഖത്തറിലെ പന്ത്രണ്ട് കൂട്ടായ്മകളില്‍ നിന്നായി 650 ഓളം കലാകാരന്മാരാണ് എക്‌സ്പാര്‍ട്ടിന്റെ ആദ്യ എഡിഷനില്‍ മാറ്റുരക്കുന്നത്.

പ്രവാസത്തിന്റെ തിരക്കുകള്‍ മൂലം മണ്ണടിഞ്ഞു കിടക്കുന്ന സര്‍ഗ്ഗശേഷികളെ ജീവിപ്പിക്കുകയാണ് എക്‌സ്പാര്‍ട്ട് 2023 കൊണ്ട് ലക്ഷ്യമിടുന്നത്. സമാപന സെഷനില്‍ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ആദ്യ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് മൊമെന്റോയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും

Related Articles

Back to top button
error: Content is protected !!