ഗോള്‍ഡന്‍ ജൂബിലി നിറവില്‍ ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയം
ഖത്തര്‍:ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ഗോള്‍ഡന്‍ ജൂബിലിയുടെ സമാപനം ഒക്ടോബര്‍ 6 വെള്ളിയാഴ്ച 4:30നു ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദേവാലയ അങ്കണത്തില്‍ നിന്നും സമാപനറാലിയോട് കൂടി ആരംഭിച്ചു തുടര്‍ന്ന് നടന്ന സമാപന സമ്മേളനം ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉത്ഘാടനം നിര്‍വഹിച്ചു , ഇടവക മെത്രാപോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമനസ്സുകൊണ്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വിവിധ മത, സാംസകാരിക, സാമൂഹിക നേതാക്കള്‍ പങ്കെടുത്തു.
എഡി 52ല്‍ കര്‍ത്തൃ ശിഷ്യനായ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പൈതൃകം ഉള്‍ക്കൊണ്ട് കൊണ്ട് ദോഹയുടെ മണ്ണില്‍ 1973 ല്‍ അന്നത്തെ ബാഹ്യകേരള ഭദ്രാസന മെത്രാപ്പോലീത്താ മാത്യുസ് മാര്‍ അത്താനാസിയോസ് (പിന്നീട് പരിശുദ്ധ മാത്യുസ് പ്രഥമന്‍ കാതോലിക്കാബാവ) തിരുമനസിന്റെ കല്‍പനയാല്‍ രൂപീകൃതമായ മലങ്കര സഭയുടെ സ്വതന്ത്ര ദേവാലയം, ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക ഇന്ന് ശ്രേഷ്ഠതയുടെ നിറവിലാണ്.
അനേകം ആളുകളുടെ കണ്ണ്‌നീരും, പ്രാര്‍ത്ഥനയും കഷ്ടപ്പാടും ഈ ദേവാലയത്തിന്റെ അനുഗ്രഹത്തിന് കാരണമായി എന്ന് നിസംശയം പറയാം. ഇന്ന് 1300-ല്‍ പരം ആളുകള്‍ ഒരുമിച്ചു കുടി അതിശ്രേഷ്ഠമായ വിശുദ്ധ ആരാധനയില്‍ പങ്കാളികളായി സ്വര്‍ഗ്ഗീയ ആരാധനാ നടത്തുന്നു.
ദോഹയില്‍ ഓര്‍ത്തഡോക്‌സ് ഇടവക രൂപീകൃതമായതിന്റെ അമ്പതാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം 2023 മേയ് 26 നടന്നു.
മിനിസ്ടറി ഓഫ് ഫോറിന്‍ അഫയേഴ്സിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഇന്ത്യന്‍ ഡിനോമിനേഷണല്‍ ക്രിസ്ത്യന്‍ ചര്ചസിന്റെ കീഴില്‍ അബുഹമൂറിലെ റിലീജിയസ് കോംപ്ലക്‌സില്‍ ആണ് ദേവാലയം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികള്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ദേവാലയത്തില്‍ വന്നു ആരാധനകളില്‍ പങ്കുചേരുന്നു. ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ചു ആദ്യകാലങ്ങളില്‍ ഇവിടെ സേവനം അനുഷ്ഠിച്ചിരുന്ന വൈദീകരെയും ആ കാലങ്ങളില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നവരെയും ആദരിക്കുന്ന ചടങ്ങും നടന്നു. ഇടവക വികാരി റവ. ഫാ. ഗീവര്‍ഗീസ് എബ്രഹാം, സഹ വികാരി റവ. ഫാ. ഷെറിന്‍ തോമസ്, ഐഡിസിസി ചീഫ് കോഓര്‍ഡിനേറ്റര്‍ ജോണ്‍ കുര്യാക്കോസ്, സഭാ മാനേജിങ് കമ്മറ്റി അംഗം ബിജു സാമുവേല്‍, ഗ്രീക്ക് ഓര്‍ത്തഡോസ് മെത്രാപോലിത്ത മാര്‍ മക്കാറിയോസ്, എത്യോപ്യന്‍ ഓര്‍ത്തഡോസ് പള്ളി വികാരി, കോപ്റ്റിക് ഓര്‍ത്തഡോസ് പള്ളി വികാരി, ട്രസ്റ്റി സുനില്‍ കോശി, സെക്രട്ടറി റോജന്‍ ഫിലിപ്‌സ്, ജൂബിലി കണ്‍വീനര്‍ മാത്തന്‍ വര്‍ഗീസ്, ജൂബിലി സെക്രട്ടറി സുനീഷ് സഖറിയാ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
ചടങ്ങുകളോട് അനുബന്ധിച്ചുള്ള സുവനീര്‍ ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഇടവക മെത്രാപോലിത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തക്ക് നല്‍കി പ്രകാശനം ചെയ്തു.